അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

By Web DeskFirst Published Mar 16, 2018, 12:52 PM IST
Highlights
  • അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. ബഹളത്തിനിടയിൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. സഭ തുടങ്ങിയതു മുതല്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചു. എന്നാല്‍ രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയതായി സ്പീക്കര്‍ അറിയിച്ചു.

എല്ലാവരും സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ മാത്രമെ വോട്ടെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തില്‍ ബഹളം തുടര്‍ന്നതോടെ വോട്ടിങ് നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സഭ തിളങ്കളാഴ്ചവരെ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

വൈഎസ്ആര്‍ കോൺഗ്രസും ടിഡിപിയും പ്രത്യേകം  അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി ടിഡി സുബറെഡ്ഡിയും ടിഡിപിക്കു വേണ്ടി തോട്ടാ നരസിംഹനുമാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.

നോട്ടീസിന് അനുമതി കിട്ടണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസ്,  തൃണമൂൽ കോണ്‍ഗ്രസ്, ബിജെഡി, എഐഎഡിഎംകെ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേന നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ സര്‍ക്കാരിന് 315 അംഗങ്ങളുടെ പിന്തുണയുണ്ട്. ശിവസേന പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാറിന് 297 അംഗങ്ങളുടെ പിന്തുണയുണ്ടാകും.  തിങ്കളാഴ്ച അവിശ്വാസ പ്രമേയം വീണ്ടും പരിഗണിക്കും. അതേസമയം ലോകസഭാ സ്പീക്കർ പക്ഷപാതപരമായി പെരുമാറിയെന്ന് പി.കരുണാകരൻ എംപി ആരോപിച്ചു. ബിജെപിക്ക് അനുകൂല നിലപാടെടുത്തുവെന്നാണ് ആരോപണം. 

click me!