Latest Videos

ജീവനക്കാരില്ല; പ്രവര്‍ത്തനമാരംഭിക്കാതെ അത്യാധുനിക വൈറോളജി ലാബ്

By Web DeskFirst Published May 30, 2018, 6:43 AM IST
Highlights
  • 5.29 കോടി രൂപയുടെ ഫണ്ട്

കോഴിക്കോട് :  കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ കോടികൾ മുടക്കി സ്ഥാപിച്ച അത്യാധുനിക വൈറോളജി ലാബ് ഇതുവരെയും പ്രവർത്തിച്ച് തുടങ്ങിയില്ല. നിപ വൈറസ് ബാധയടക്കം സ്ഥിരീകരിക്കാൻ സംവിധാനമുണ്ടെങ്കിലും ജീവനക്കാരെ നിയമിക്കാത്തതാണ് പ്രവർത്തനം വൈകാൻ കാരണം. 

2015 ല്‍ മൂന്ന് കോടി ഇരുപത്തി ഒന്‍പത് ലക്ഷം രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക വൈറോളജി ലാബ് തുടങ്ങാന്‍ കേന്ദ്ര ഗവണ്‍മെന്‍റ്  അനുവദിച്ചത്.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ അതേ സൗകര്യങ്ങളോടെയുമുള്ള വൈറോളജി റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബാണ് പദ്ധതിയില്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ സഹകരണത്തോടെയായിരുന്നു ഇത്. കേരള സര്‍ക്കാറിന്‍റെ രണ്ട് കോടി അടക്കം 5.29 കോടി രൂപ ഫണ്ട് ലഭിച്ചെങ്കിലും വൈറോളജി ലാബ് പ്രവര്‍ത്തന സജ്ജമായിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇപ്പോള്‍ വൈറോളജി പരിശോധന നടത്തുന്നത്. പരിമിതമായ പരിശോധനാ സൗകര്യങ്ങളേ ഇവിടെയുള്ളൂ. നിപ പടര്‍ന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയച്ച് പരിശോധിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. 

ലഭിച്ച തുക കൊണ്ട് പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ മെഷീന്‍ അടക്കമുള്ളവ ലാബില്‍ സ്ഥാപിച്ചിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിക്കാനുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്. ജീവനക്കാരെ നിയോഗിക്കാത്തതും രാസവസ്തുക്കള്‍ അടക്കമുള്ളവ വാങ്ങാനുള്ള വാര്‍ഷിക കേന്ദ്ര ഫണ്ട് ലഭിക്കാത്തതുമാണ് തടസം. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും ചെറിയ നൂലാമാലകളുടെ പേരിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വൈറോളജി റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബ് പ്രവര്‍ത്തനം തുടങ്ങാത്തത്.

click me!