Latest Videos

സംസ്ഥാനത്ത് ഇംഗ്ലീഷ് അധ്യാപകരില്ലാത്ത 251 സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്കൂളുകള്‍

By Web DeskFirst Published Apr 18, 2018, 4:05 PM IST
Highlights

ഈ സ്കൂളുകളില്‍ കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് ഇംഗ്ലീഷ് ഭാഷയും പഠിപ്പിക്കുന്നത്.

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് വന്‍ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും പല സ്കൂളുകളിലും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രാവീണ്യമുള്ള അധ്യാപകരില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 251 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെതന്നെ കണക്ക്. ഈ സ്കൂളുകളില്‍ കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് ഇംഗ്ലീഷ് ഭാഷയും പഠിപ്പിക്കുന്നത്.

മലയാളം, ഹിന്ദി, അറബിക്  തുടങ്ങിയ ഭാഷകളൊക്കെ ഹൈസ്കൂള്‍ തലത്തില്‍ ഭാഷാ വിഷയങ്ങളാക്കി കണക്കാക്കുമെങ്കിലും ഇംഗ്ലീഷിനെ കോര്‍ സബ്‍ജക്ടായിട്ടാണ് കണക്കാക്കുന്നത്. അതായത് കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവും പോലുള്ള ഒരു വിഷയമാണ് ഇംഗ്ലീഷും. 2002 വരെ ഇംഗ്ലീഷ് പഠിപ്പിക്കാനായി സംസ്ഥാനത്ത് ഒരിടത്തും പ്രത്യേക അധ്യാപകരെ നിയമിച്ചിരുന്നില്ല. മറ്റ് വിഷയങ്ങളില്‍ ബിരുദവും ബി.എഡുമുള്ളവര്‍ കുട്ടികളെ ഇംഗ്ലീഷും പഠിപ്പിച്ചുപോരുകയായിരുന്നു. എന്നാല്‍ പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് അധ്യാപന നിലവാരം വളരെ മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2002ലാണ് പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷില്‍ ബിരുദവും ബി.എഡും ഉള്ളവരെ പ്രത്യേകം നിയമിക്കണമെന്ന് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അത്  അഞ്ച് ഡിവിഷനുകളെങ്കിലും ഉള്ള സ്കൂളുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഡിവിഷനുകള്‍ അഞ്ചില്‍ കുറവുള്ള 251 സ്കൂളുകള്‍ പുറത്തായത്.

പൊതുവിദ്യാലയങ്ങള്‍ വിട്ട് സ്വകാര്യമേഖലയിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ് ഇംഗ്ലീഷ് ഭാഷാപഠനം. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠന നിലവാരത്തെക്കുറിച്ച് ഇപ്പോഴും പരക്കെ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് 251 സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരില്ലെന്ന കണക്കുകള്‍ കൂടി പുറത്തുവരുന്നത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പ്രത്യേകം അധ്യാപകര്‍ വേണമെന്നാവശ്യപ്പെട്ട് നിരവധി സ്കൂളുകളിലെ അധ്യാപക-രക്ഷാ കര്‍തൃ സമിതികളും പല കാലങ്ങളിലായി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. നിലവില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ആഴ്ചയില്‍ മൂന്ന് പിരിയഡുകളാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. എന്നാല്‍ പ്രശ്നം പരിഹരിക്കണമെങ്കില്‍ ഈ സ്കൂളുകളിലെല്ലാം പുതിയ തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും. പൊതുവിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസുകളും കെട്ടിടങ്ങളും പണിയുന്നതിന് മുന്‍പ് അടിസ്ഥാനപരമായി വേണ്ട ഇംഗ്ലീഷ് അധ്യാപക ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.

click me!