വടക്കാഞ്ചേരി പീഡനക്കേസ്: നുണപരിശോധനാഫലം പ്രതികള്‍ക്ക് അനുകൂലം

By Web DeskFirst Published Aug 25, 2017, 12:36 AM IST
Highlights

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിൽ പ്രതികളുടെ നുണ പരിശോധന ഫലം പുറത്ത്. കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും നുണപരിശോധനയിൽ ലഭിച്ചില്ല. പരാതിക്കാർ കേസുമായി സഹകരിക്കാത്തതിനാൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തന്‍ ഉള്‍പ്പെടെ കേസിലെ നാല് പ്രതികളെയാണ് കഴിഞ്ഞ മാസം രാമവർമ്മപുരം പൊലീസ് അക്കാദമിയിലെ ഫോറൻസിക് സെന്‍ററിൽ  നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാൽ കേസിൽ ഇവരെ ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും നുണപരിശോധനയില്‍ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജയന്തനുപയോഗിച്ചിരുന്ന ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ പരിശോധിച്ചെങ്കിലും തെളിവുകൾ കിട്ടിയില്ല. നുണപരിശോധനാ ഫലത്തിന്‍റെ പ്രാഥമിക റിപ്പോർട്ടും, പത്ത് ദിവസം കൂടുമ്പോൾ സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടും അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാർ ഉപയോഗിച്ച ഫോൺ, ടാബ് എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനാൽ പരാതിക്കാരിയെയും ഭർത്താവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ആലോചനയിലാണ് പൊലീസ്. ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും കഴിഞ്ഞ വർഷം നവംബർ ഒന്നിന് യുവതി  ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

click me!