സാമ്പത്തിക പ്രതിസന്ധിയും കെട്ടുകഥ? മന്ത്രി കെ.ടി ജലീലിന്റെ വാദത്തിന് തിരിച്ചടി

By Web TeamFirst Published Nov 11, 2018, 10:26 AM IST
Highlights

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കോര്‍പ്പറേഷനില്‍ എത്ര നിയമനങ്ങള്‍ നടന്നുവെന്ന ചോദ്യത്തിന് 21 പേരെന്നാണ് മറുപടി നല്‍കിയത്. ഇതിന് ശേഷം മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെയും നിയമിച്ചു. നിലവിലുണ്ടായിരുന്ന 12 പേരെ ഒഴിവാക്കിയാണ് വിവിധ തസ്തികകളില്‍ ഇത്രയും ആളുകളെ തിരുകിക്കയറ്റിയതെന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തം.  
 

കോഴിക്കോട്: തന്റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തിനും തിരിച്ചടി.  സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാന്‍റെയും  പ്രതികരണം. 

2016 ഓഗസ്റ്റ് 27നാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ എട്ട് തസ്തികകളിലേക്ക് ആളെ വേണമെന്നറിയിക്കുന്നത്. സാധാരണ പത്രപരസ്യം നല്‍കുന്നിടത്ത്  നിയമനങ്ങളിലെ അപേക്ഷ ക്ഷണിച്ചത് പത്രകുറിപ്പായിട്ടായിരുന്നു. ഈ അസാധാരണത്വം ചൂണ്ടിക്കാട്ടിയപ്പോള്‍ കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പരസ്യം നല്‍കാത്തതെന്നായിരുന്നു  മന്ത്രി പ്രതികരിച്ചത്. കിട്ടാക്കടം പിരിച്ചെടുക്കാനാവാത്തത് മൂലം കോര്‍പ്പറേഷന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ ചോദ്യത്തിന് 2017 മെയ് 2ന്  മന്ത്രി കെ.ടി ജലീല്‍ തന്നെ നിയമസഭയില്‍ നല്‍കിയ മറുപടി കൂടി  കാണുക. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കോര്‍പ്പറേഷനില്‍ എത്ര നിയമനങ്ങള്‍ നടന്നുവെന്ന ചോദ്യത്തിന് 21 പേരെന്നാണ് മറുപടി നല്‍കിയത്. ഇതിന് ശേഷം മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെയും നിയമിച്ചു. നിലവിലുണ്ടായിരുന്ന 12 പേരെ ഒഴിവാക്കിയാണ് വിവിധ തസ്തികകളില്‍ ഇത്രയും ആളുകളെ തിരുകിക്കയറ്റിയതെന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തം.  

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പെരിന്തല്‍മണ്ണ, കാസര്‍ഗോഡ്  ഓഫീസുകളിലേക്കാണ്  നിയമനങ്ങള്‍ നടന്നത്. ബോര്‍ഡിന്‍റ സാമ്പത്തിക പ്രതിസന്ധി മന്ത്രി ചൂണ്ടിക്കാട്ടിയിടത്താണ്  ഇത്രയും നിയമനങ്ങള്‍ നടന്നത്. ഇനി ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിയും, നിയമനങ്ങളിലെ പൊരുത്തക്കേടും സംബന്ധിച്ച അന്വേഷണത്തോട് ചെയര്‍മാന്‍ പ്രൊഫ. അബ്ദുള്‍വഹാബിന്‍റെ മറുപടിയും മന്ത്രിയുടെ വാദം നിഷേധിക്കുന്നതാണ്.  ശമ്പളം കൊടുക്കാനുള്ള തുക നിലവിലുണ്ടെന്നും അതിനൊക്കെ ബോര്‍ഡ് നേരത്തെ തന്നെ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ അടുത്ത ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി വന്നുകഴിഞ്ഞാല്‍ കോര്‍പ്പറേഷന്‍ ലാഭത്തിലാകുമെന്നും ചെയര്‍മാന്‍ പറയുന്നു. മന്ത്രിയുടെയും ചെയര്‍മാന്‍റെയും വാക്കുകളിലെ വൈരുദ്ധ്യം ശ്രദ്ധേയമാണ്. അവിടെയാണ് നിയമന നടപടികളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്നത്.

click me!