
തിരുവനന്തപുരം: വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് സഹിഷ്ണുതയുടെ സംഗീതത്തിലൂടെ മറുപടി നല്‍കി പ്രശസ്ത സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ. വിശ്വാസം പുലര്‍ത്താന്‍ ലിംഗവ്യത്യാസം തടസ്സമാകരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയദുരന്തത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ നടത്തിയ സംഗീത കച്ചേരിയിലാണ് ടി എം കൃഷ്ണ സംസാരിച്ചത്.
ഭരണഘടനയാണ് ഇന്ത്യയിലെ ഏറ്റവും പവിത്രമായ ഗ്രന്ഥം. ഭരണഘടനയും മൗലികാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃകയായ കേരളത്തിന്‍റെ പോരാട്ടത്തിനൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആരു പ്രാര്‍ത്ഥിക്കുമ്പോഴും ലഭിക്കുന്ന അനുഭവം ഒന്നാണ്. അതിന് മതം തടസ്സമല്ല. വിശ്വാസം പുലര്‍ത്താന്‍ ലിംഗവ്യത്യാസം തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളം തനിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നും ടി എം കൃഷ്ണ പറഞ്ഞു.
അള്ളാഹുവിനും ക്രിസതുവിനും വേണ്ടി പാടുന്നവന്‍ എന്നാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ടി.എം.കൃഷ്ണയെ ആക്ഷേപിച്ചത്. ദില്ലിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി സംഘാടകര്‍ റദ്ദാക്കിയതും ഇതേ കാരണത്താലാണ്. പിന്നീട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ ടി എം കൃഷ്ണയുടെ സംഗീത കച്ചേരി സംഘടിപ്പിക്കുകയായിരുന്നു.
കേരള സര്‍വ്വകലാശാലയിലെ ടീച്ചേഴ്സ് ഓര്‍ഗനൈസേഷനും സ്റ്റാഫ് യൂണിയനും സംയുക്തമായാണ് ടി.എം.കൃഷ്ണയുടെ കച്ചേരി സംഘടിപ്പിച്ചത്. പരിപാടിയിൽ നിന്നുള്ള വരുമാനം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വീട് നിർമ്മിക്കാൻ ഉപയോഗിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam