കൊച്ചിയിൽ ഇനിമുതല്‍ ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ല

By Web DeskFirst Published Jul 13, 2016, 6:18 AM IST
Highlights

കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി ഡീസല്‍ ഓട്ടോകള്‍‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദ്ദേശം. കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാനും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. പുതയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുന്നതിനൊപ്പം,നിലവിലുള്ളവ ഘട്ടം ഘട്ടമായി ഒഴിവാക്കാനുമാണ് തീരുമാനം.

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു വിവിധ തരത്തിലുള്ള മലിനീകരണം കൂടുതലായതിനാലാണ് പുതിയവക്ക് നഗരങ്ങളില്‍ പെര്‍മിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ എല്‍പിജി, സിഎന്‍ജി തലത്തിലേക്ക് മാറ്റാനാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നിലവിലുള്ളവക്ക് തുടരാം. മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാനും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റ് കഴിഞ്ഞ 21 വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. അതേസമയം, അനധികൃതമായി ഈ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണം. നഗരപരിധിക്കു പുറത്തു നിന്നു വന്ന് സര്‍വീസ് നടത്തുന്ന ഇത്തരം ഓട്ടോറിക്ഷകള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.ഇതൊഴിവാക്കാനാണ് പുതിയ പെര്‍മിറ്റിന് നിര്‍ദ്ദേശം.

നഗരങ്ങളിലെ ഓട്ടോറിക്ഷകള്‍ക്ക്, പ്രത്യേക നിറവും നമ്പറും നല്‍കാനും  തീരുമാനമുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ പരിപാടി വിജയം കണ്ട സാഹചര്യത്തിലാണ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

 

click me!