
കോഴിക്കോട്: കനത്ത മഴയും ഉരുള്‍പൊട്ടലും കണക്കിലെടുത്ത് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ജില്ലാകലക്ടറുടെ ഉത്തരവ് വകവെക്കാതെ കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയില്‍ ഖനനം തുടരുന്നു. നാലാം വാര്‍ഡില്‍പ്പെട്ട വെണ്ടേക്കുംചാല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്ന് നിരവധി ലോഡ് എംസാന്‍റും മെറ്റലുമാണ് നിയമംലംഘിച്ച് കടത്തുന്നത്. കരിഞ്ചോല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ രണ്ടുദിവസം ക്വാറിയും ക്രഷറും പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ മഴക്ക് അല്‍പ്പം ശമനമായതോടെ ചൊവ്വാഴ്ച മുതൽ ലോഡ് കണക്കിന് കല്ലാണ് പൊടിച്ച് കടത്തുന്നത്.
മഴക്കാലം മുന്നില്‍ കണ്ട് ലോഡ് കണക്കിന് കല്ല് ക്വാറിയില്‍ പൊട്ടിച്ചിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കടത്തുന്നത്. ജില്ലയിലെ മറ്റിടങ്ങളില്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ദൂരദിക്കുകളില്‍ നിന്ന് പോലും ടിപ്പറുകളും ടോറസ് ലോറികളും ഇവിടെ എത്തുന്നുണ്ട്. നാട്ടുകാരുടെയും അധികൃതരുടെയും കണ്ണുവെട്ടിക്കാന്‍ പുലര്‍ച്ചെയാണ് കടത്ത് കൂടുതലും. ഉച്ചയോടെ എത്തിയ ചില ലോറികളെ നാട്ടുകാര്‍ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ക്വാറി മാഫിയയുടെ പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ കരിങ്കല്‍ ക്വാറിയും ക്രഷറും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കൊളമലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലം മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലേക്കുള്ളത്. കരിഞ്ചോല ദുരന്തമുണ്ടായ ദിവസവും കൊളമലയില്‍ വന്‍തോതിലുള്ള സ്‌ഫോടനങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷമാണ് ഇവിടെ പ്രവര്‍ത്തി നിര്‍ത്തിവെച്ചത്. വളരെ ഉയരത്തിലുള്ള കുന്നായതിനാല്‍ കൊളമലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വനപ്രദേശമായ കൊളമല ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖല കൂടിയാണ്. ക്വാറിയിലെ ഉഗ്രസ്‌ഫോടനങ്ങള്‍ താഴ്‌വാരത്തുള്ള വേനക്കാവ്, പൂലോട്, വെണ്ടേക്കുംചാല്‍, കേളന്‍മൂല, ചമല്‍, ഈങ്ങാപ്പുഴ പ്രദേശങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam