
ദില്ലി: പ്രോടാം സ്‌പീക്കര്‍ ജെ.ജി ബൊപ്പയ്യയെ മാറ്റണമെന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെങ്കിലും നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള മറ്റ് മൂന്ന് ആവശ്യങ്ങളിലും അനുകൂല ഉത്തരവ് കിട്ടിയ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.
പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന കപില്‍ സിബലിന്റെയും മനു അഭിഷേക് സിങ്‍വിയുടെയും ആവശ്യത്തോട് ഒരു ഘട്ടത്തില്‍ പോലും സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. മുതിര്‍ന്ന അംഗത്തെ സ്‌പീക്കറാക്കണമെന്ന് ആദ്യം തന്നെ സിബല്‍ വാദിച്ചെങ്കിലും അങ്ങനെ തന്നെ എപ്പോഴും വേണമെന്നില്ലല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ പൂര്‍വ്വകാല ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തപ്പോള്‍, അങ്ങനെയെങ്കില്‍ ബൊപ്പയ്യയുടെ ഭാഗം കൂടി കേള്‍ക്കാതെ പറ്റില്ലെന്നും വിശ്വാസ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതോടെ പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്മാറി.
എന്നാല്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ശബ്ദ വോട്ടെടുപ്പ് നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ യെസ് എന്നും അല്ലാത്തവര്‍ നോ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് എസ് എന്നാണെന്ന പ്രഖ്യാപനത്തോടെ സ്‌പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന രീതിയാണ് ശബ്ദ വോട്ടെടുപ്പ്. എന്നാല്‍ ചെറിയ വ്യത്യാസം മാത്രമാണ് കക്ഷി നിലയിലുള്ളതെന്നതിനാലും കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലും ശബ്ദവോട്ട് ഇന്ന് കര്‍ണ്ണാടക നിയമസഭയില്‍ നടത്താനാവില്ല. കെ.ജി ബൊപ്പയ്യ ഇത്തരത്തില്‍ ശബ്ദ വോട്ടെടുപ്പ് നടത്തി യെദ്യൂരപ്പയെ സഹായിക്കുമെന്ന ആശങ്കയിലാണ് ഇക്കാര്യം കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയിലെത്തിച്ചത്. ശബ്ദ വോട്ടെടുപ്പ് സുപ്രീം കോടതി വിലക്കി.
എല്ലാ നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും അല്ലാതെ മറ്റൊരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. എന്നാല്‍ പ്രോടേം സ്‌പീക്കറെ മാറ്റണമെന്ന പ്രധാന തീരുമാനം കോടതി തള്ളിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ്. കര്‍ണ്ണാടക നിയമസഭയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam