
ലണ്ടന്‍: നൊബേൽ പുരസ്കാര ജേതാവും പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റുമായ വി.എസ് നെയ്പോൾ അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ഒരു ഘട്ടത്തിൽ വിഷാദ രോഗത്തെ തുടർന്ന് ആത്മ ഹത്യക്ക് ശ്രമിക്കുക. അവിടെ നിന്ന് ലോകം ആരാധിക്കുന്ന എഴുത്തുകാരനായി വളരുക. അതായിരുന്നു വി.എസ്.നെയ്പോളിന്റെ ജീവിതം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ വരെ വിമർശിക്കാൻ ധൈര്യം കാണിക്കുകയും ഇ.എം.ഫോസ്റ്ററുടെ പാസ്സേജ് ടു ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്ത അസാമാന്യ പ്രതിഭ. ബുക്കർ പ്രൈസും സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരവും സ്വന്തമാക്കിയ എഴുത്തുകാരൻ. ട്രിനിടാഡിൽ 1932ൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജനായ വിദ്യാധർ സുരാജ്പ്രസാദ് നെയ്പോൾ എന്ന സർ വി.എസ്. നെയ്പോൾ 5 പതിറ്റാണ്ടിലേറെയാണ് സാഹിത്യലോകത്ത് നിറഞ്ഞുനിന്നത്.
ഇതിനിടെ 32 ഓളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ഹാസ്യവും ജീവചരിത്രവും യാത്രാവിവരണവും എല്ലാം തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 61ൽ പുറത്തിറങ്ങിയ എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നത്. ആറാം വയസ്സിൽ കുടുംബത്തോടൊപ്പം കുടിയേറിയ പോർട്ട് ഓഫ് സ്പെയിനിലെ അനുഭവമാണ് ആദ്യ നോവലായ മിഷേൽ സ്ട്രീറ്റിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് നെയ്പോൾ പിന്നീട് പറഞ്ഞിട്ടുണ്ട്. എ ബെന്റ് ഇൻ ദി റിവറാണ് മറ്റൊരു പ്രധാന കൃതി. മരണ വിവരം സ്ഥിരീകരിച്ച ഭാര്യ നാദിറ, മരണസമയത്ത് പ്രിയപ്പെട്ടവർ സമീപത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam