കേന്ദ്രസർക്കാരിനെതിരെയുള്ള അവിശ്വാസം: നോട്ടീസ് ചർച്ച ചെയ്യാതെ ലോക്സഭ പിരിഞ്ഞു

By Web DeskFirst Published Mar 19, 2018, 3:16 PM IST
Highlights
  • അണ്ണാഡിഎംകെ അംഗങ്ങളുടെ ബഹളത്തിനിടെ വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ

ദില്ലി: കേന്ദ്രസർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് ചർച്ച ചെയ്യാതെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. അണ്ണാഡിഎംകെ അംഗങ്ങളുടെ ബഹളത്തിനിടെ വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. പ്രമേയത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. 

പാർലമെന്റിലെ നാടകത്തിന് മാറ്റമില്ല. ടിഡിപിയും വൈഎസ്ആർ കോൺഗ്രസും നല്കിയ അവിശ്വാസ നോട്ടീസുകൾ പന്ത്രണ്ടു മണിക്കാണ് പരിഗണിച്ചത്. ഇതിനു മുമ്പ് എണീറ്റ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അവിശ്വാസ പ്രമേയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി. എന്നാൽ ബഹളത്തിൽ നോട്ടീസിന് 50 പേരുടെ പിന്തുണ ഉണ്ടോ എന്ന് പരിശോധിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. അണ്ണാഡിഎംകെ അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു 

കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന അണ്ണാ ഡിഎംകെ അവിശ്വാസത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കി. ശിവസേന പ്രമേയത്തിൽ നിലാപാട് ഇതുവരെ തീരുമാനിച്ചിട്ടില്ല. 

ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ചന്ദ്രബാബു നായിഡു പ്രമേയത്തിൽ ഉറച്ചു നില്ക്കാൻ പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടു. 135 അംഗങ്ങളുടെ പിന്തുണ ഇപ്പോൾ പ്രമേയത്തിൻറെ നോട്ടീസിനുണ്ട്. സർക്കാരിന് ഭയമില്ലെന്ന സന്ദേശം നല്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ വോട്ടെടുപ്പ് ഒഴിവാക്കാൻ അണ്ണാ ഡിഎംകെ പ്രതിഷേധം ഭരണപക്ഷം ആയുധമാക്കുകയും ചെയ്യുന്നു. 

click me!