
500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള കെ എൻ 11 എന്ന ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലാണ് കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയയ്ക്ക് കിഴക്ക് സിൻപോ തീരത്തിന് സമീപം പ്രാദേശിക സമയം പുലർച്ചെ 5.30ഓടെയായിരുന്നു പരീക്ഷണം.
ജപ്പാന്‍റെ പ്രതിരോധ മേഖലയിലെ കടലിലാണ് മിസൈൽ പതിച്ചത്. അമേരിക്കയും ദക്ഷിണകൊറിയും ചേർന്നുളള വാർഷിക സൈനിക അഭ്യാസത്തിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം. ഇരുരാജ്യങ്ങളെയും പ്രകോപിപ്പിക്കാനും മേഖലയിലെ സമാധാനം നശിപ്പിക്കാനുമുളള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും ആരോപിച്ചു.
ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അമേരിക്ക അറിയിച്ചു. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ടോക്കിയോവിൽ യോഗം ചേരുന്ന സമയമാണിത്. ജപ്പാന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണ് മിസൈൽ പരീക്ഷണമെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ പ്രതികരിച്ചു.
അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളുടെ ശേഷി കൂട്ടുന്നതിന്റെ ഭാഗമായാണ് കൊറിയയുടെ പരീക്ഷണം.
അണുവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന ഉത്തര കൊറിയ മിസൈൽ പരീക്ഷിക്കുന്നത് ഐക്യരാഷ്ട്ര സഭ വിലക്കിയിരുന്നു. എന്നാൽ ഇതിനു ശേഷവും നിരവധി തവണ കൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുവരെ 4 ആണവ പരീക്ഷണങ്ങൾ നടപ്പാക്കിയ ഉത്തര കൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണത്തിനും തയ്യാറെടുക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam