
കാസർഗോഡ്: ഉത്തരമലബാറിലെ കാവുകളും കളിയാട്ട കേന്ദ്രങ്ങളും തെയ്യക്കാലത്തിന് ഒരുങ്ങുകയാണ്. നാലുമാസത്തെ ഇടവേള കഴിഞ്ഞാണ് തെയ്യങ്ങൾ പള്ളിയറ വിട്ടെത്തുന്നത്. തെയ്യ ചമയങ്ങളുടെയും ആടയാഭരണങ്ങളുടേയും അവസാനവട്ട മിനുക്കു പണിയിലാണ് കലാകാരന്മാർ.
നാലുമാസം മുമ്പ് നീലേശ്വരം മന്ദം പുറത്ത് കാവിലെ കലശോത്സവത്തോടെയാണ് ഉത്തരമലബാറിലെ തെയ്യം ചമയങ്ങളഴിച്ചത്. നീലേശ്വരത്തെ തെരുഅഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെ വടക്കൻ മലബാറിൽ തെയ്യക്കാലം തുടങ്ങും. പെരും ചെണ്ടയുടെ താളത്തിനൊത്ത് ചിലമ്പിട്ട കാലുകളാൽ രക്തവർണ്ണാലങ്കൃതമായ തെയ്യങ്ങൾ ഇനി ഭക്തന്റെ കണ്ണീരൊപ്പാനെത്തും.
ഇത്രനാളും തെയ്യച്ചമയങ്ങളും ആടയാഭരണങ്ങളും നിർമിക്കുന്ന തിരക്കിലായിരുന്ന കലാകാരന്മാർ ഇനി മുഖമെഴുതി കോലമണിഞ് അവതാരമൂർത്തികളായി ഉറഞ്ഞുതുള്ളും. നൂറോളം തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തിനായൊരുങ്ങുന്നത്. ഏഴുമാസത്തെ കളിയാട്ടക്കാലത്തിനൊടുവിൽ നീലേശ്വരം മന്ദംപുറത്ത് കാവിൽ തെയ്യം ചമയങ്ങളഴിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam