ആശ്വസിക്കാന്‍ വകയില്ല, ഉയരക്കാരുടെ ഭീഷണി മെസിപ്പടയ്ക്ക് വെല്ലുവിളി

By Web deskFirst Published Jun 17, 2018, 3:04 PM IST
Highlights
  • മെസിയെയും സംഘത്തെയും അടുത്ത രണ്ടു മത്സരങ്ങളിലും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി

മോസ്കോ: ഐസ്‍ലാന്‍റിനെതിരെയുള്ള മത്സരത്തില്‍ ലിയോണല്‍ മെസി പെനാല്‍റ്റി പാഴാക്കിയത് മാത്രമായിരുന്നില്ല അര്‍ജന്‍റീനയുടെ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചത്. കെട്ടുറപ്പോടെ നിന്ന ഐസ്‍ലാന്‍റുകാരുടെ പ്രതിരോധം മെസിയടക്കമുള്ളവരെ നന്നായി പൂട്ടിയിട്ടു. ഇങ്ങനെയുള്ള അവസരങ്ങളില്‍ സെറ്റ് പീസുകളെ ആയുധമാക്കിയാണ് മെസി സാധാരണയായി ഗോള്‍ സ്വന്തമാക്കാറുള്ളത്. ഇന്നലത്തെ മത്സരത്തിലും അതിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അതിന് കാരണം മറ്റൊന്നുമല്ല, ഐസ്‍ലാന്‍റ് താരങ്ങളുടെ പൊക്കം തന്നെ. മഞ്ഞുകോട്ട കെട്ടിയവരുടെ തലയിൽ തട്ടി അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ തകര്‍ന്നു. കളിമികവിനൊപ്പം ഉയരക്കൂടുതലും ഐസ്‍‍ലാന്‍റിന് കരുത്തായി. കുഞ്ഞന്‍ രാജ്യത്തെ കൂറ്റന്‍ പോരാളികള്‍ അര്‍ജന്‍റീനയ്ക്ക് മുന്നിൽ മതിലായി മാറുകയായിരുന്നു. ഉയരക്കൂടുതലിന്‍റെ ആനുകൂല്യം അവര്‍ മുതലാക്കിയപ്പോള്‍  അര്‍ജന്‍റീനയുടെ ജയപ്രതീക്ഷകളാണ് നിലംപ്പറ്റിയത്. ഐസ്‍ലാന്‍റ് താരങ്ങളുടെ ശരാശരി ഉയരം 185 സെന്‍റീമീറ്ററാണ്. അതേസമയം, അര്‍ജന്‍റീനയുടേതാകട്ടേ വെറും 179 സെന്‍റിമീറ്ററും. 

മെസി തൊടുത്ത ഫ്രീകിക്കുകളും, കോര്‍ണറില്‍ നിന്നെത്തിയ ഷോട്ടകളുമെല്ലാം ഐസ്‍‍ലാന്‍റുകാരുടെ തലയിൽ തട്ടി മടങ്ങി. സമനില വഴങ്ങിയെങ്കിലും ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിച്ച് പ്രീക്വാര്‍ട്ടറില്‍ കടക്കാമെന്ന മെസിയുടെയും സംഘത്തിന്‍റെയും പ്രതീക്ഷകള്‍ക്കു മീതെയും ഈ ഉയരക്കാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത. ക്രൊയേഷ്യയെയും നെെജീരിയെയുമാണ് അര്‍ജന്‍റീനയ്ക്ക് ഇനി നേരിടാനുള്ളത്. അതില്‍ മോഡ്രിച്ച് പട്ടാളത്തിന്‍റെ ശരാശരി ഉയരം 184.9 സെന്‍റിമീറ്ററും നെെജീരിയക്കാരുടേത് 181 സെന്‍റിമീറ്ററുമാണ്. ഇതോടെ ഉയരക്കാര്‍ അര്‍ജന്‍റീനയ്ക്ക് വെല്ലുവിളി ആയി മാറുമെന്ന കാര്യം ഉറപ്പായി. മെസിയെ സംഘടിതമായി പൂട്ടിയിട്ടാല്‍ അര്‍ജന്‍റീനയെ പിടിച്ചു കെട്ടാമെന്ന തന്ത്രമാണ് ഏറെ കാലമായി മറ്റു ടീമുകള്‍ പയറ്റുന്നത്. ഇതിന് മറുമരുന്ന് സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ കിരീട വരള്‍ച്ചയുടെ കാലങ്ങള്‍ ഇനിയും നീളും. 

click me!