
ഭോപ്പാല്‍: യുവതിയെ കൊന്ന് കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച യുവാവ് ഏഴ് വർഷം മുമ്പ് സ്വന്തം മാതാപിതാക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തിയതായി പൊലീസ്.കൂടുതൽ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കൾ തന്റെ ജീവിതത്തിൽ ഇടപെട്ടതിനാൽ അവരെ കൊന്ന് വീട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. 2011ല്‍ അച്ഛന്‍ വിജേന്ദ്ര ദാസിനെയും അമ്മ ഇന്ദ്രാണിയെയും കൊന്ന് വീട്ടിനുള്ളില്‍ അടക്കിയതായാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.
മധ്യപ്രദേശ് സാകേത് നഗർ സ്വദേശിയും 32കാരനുമായ ഉദ്യാൻ ദാസിനെ കഴിഞ്ഞ ദിവസമാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‍തത്. പശ്ചിമ ബംഗാൾ സ്വദേശിയും 27കാരിയുമായ അകൻക്ഷയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം ഉദ്യാൻ ദാസ് വീട്ടിനകത്ത് മാർബിൾ പാകിയ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
2007ൽ ഓൺലൈൻ വഴിയാണ് അകൻക്ഷ ഉദ്യാന്‍ ദാസിനെ പരിചയപ്പെടുന്നത്. പിന്നീട് അമേരിക്കയിൽ ജോലി ലഭിച്ചതായി വീട്ടുകാരോട് കള്ളം പറഞ്ഞ യുവതി ഉദ്യാൻ ദാസിനൊപ്പം താമസമാരംഭിച്ചു. വീട്ടുകാര്‍ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് അകൻക്ഷ പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി യുവതിയുടെ ഒരുവിവരവും ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് യുവതി ഭോപ്പാലിൽ നിന്നാണ് ഫോണില്‍ വിളിച്ചിരുന്നതെന്ന് കണ്ടെത്തുന്നത്.
മറ്റൊരാളോട് യുവതി പതിവായി സംസാരിക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടാവുകയും തുടർന്ന് ദാസ് യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബർ 27നായിരുന്നു കൊലപാതകം. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ മൃതദേഹത്തിൽ സിമൻറ് തേച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ശവകുടീരത്തിന്റെ മാതൃകയിലുള്ള സിമൻറ്അറ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
യുവാവിനെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam