മൂന്നാറിലെ ആറു വയസ്സുകാരന്റെ മരണം: കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം

By Web DeskFirst Published Jan 7, 2018, 7:44 PM IST
Highlights

മൂന്നാറിലെ ആറുവയസ്സുകാരന്‍റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടികളിൽ അപൂർവമായി കാണുന്ന ലിവർ സിറോസിസ് രോഗമാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരികാ അവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാലേ അന്തിമ നിഗമനത്തിലേക്ക് എത്താനാകൂ എന്ന് ഇടുക്കി എസ് പി കെ ബി. വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആസാം സ്വദേശികളും മൂന്നാർ കടലാർ എസ്റ്റേറ്റിലെ തൊഴിലാളികളുമായ നൂർ മുഹമ്മദിന്റേയും റഷീദൻ നെസയുടേയും മകൻ നൗറുദ്ദീനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഞായറാഴ്ച കാണാതായ നൗറുദീൻറെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കിട്ടിയത്. കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. മൽപ്പിടുത്തത്തിന്റേയോ, ക്ഷതം ഏറ്റതിന്റെയോ പാടുകളൊന്നും മൃതദേഹത്തിലില്ല.  

കഴുത്തിൽ തൂവാല മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടാൻ കാരണം. എന്നാൽ പലപ്പോഴും കുട്ടി കഴുത്തിൽ തൂവാല ചുറ്റിയാണ് നടന്നിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം വീർത്തു വലുതായപ്പോൾ കഴുത്തിലെ തൂവാലയും മുറുകിയതാകാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. കാൽപാദത്തിൽ പാമ്പുകടിയേറ്റതു പോലുള്ള ചെറിയ മുറിവുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കാനായി വിദഗ്ദ്ധ പരിശോധന നടത്തും. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‍കരിച്ചു. കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കസ്റ്റഡിയിലായിരുന്ന കുട്ടിയുടെ അച്ഛനെ വിട്ടയച്ചു. അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

click me!