വിവരദോഷിയായ മന്ത്രിയെ തിരുത്താനുള്ള വിവേകം സിപിഎമ്മിനില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി. ബൽറാം

Published : Jan 07, 2018, 05:58 PM ISTUpdated : Oct 05, 2018, 01:55 AM IST
വിവരദോഷിയായ മന്ത്രിയെ തിരുത്താനുള്ള വിവേകം സിപിഎമ്മിനില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി. ബൽറാം

Synopsis

തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. ഡോ. മൻമോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും, സർക്കാരിന്റെയും ജീർണ്ണത തെളിയിക്കുന്നെന്ന് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തമെന്നും വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എകെജിയെ അവഹേളിച്ച എംഎൽഎ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നെന്ന് പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വിവരദോഷിയായ എം എൽ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം കോൺഗ്രസിനില്ല എന്നതാണ് ആ പാർട്ടിയുടെ ദുരന്തമെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് വിടി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്.

വി.ടി. ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക്‌ ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. 

വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി/ഭരണ നേതൃത്വങ്ങളാണ്. ഡോ. മന്മോഹൻ സിംഗ്‌ ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്‌. 

ആ നിലക്ക്‌ ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. 

ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച്‌ ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിംഗ്‌ സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. 

ഡോ. മന്മോഹൻസിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്