റേഷനരിയില്‍ ചെള്ളും എലി കാഷ്ടവും; കേടായ അരി വിതരണം ചെയ്യരുതെന്ന് നിർദ്ദേശം

By Web TeamFirst Published Oct 28, 2018, 3:40 PM IST
Highlights

ചില ഇടങ്ങളിൽ വിതരണത്തിനെത്തിയ അരിയിൽ ചെള്ളും എലി കാഷ്ടവുമാണ് ഉണ്ടായിരുന്നത്. പൊതുവിതരണ വകുപ്പിന്‍റെ ജില്ലയിലെ പ്രധാന ഡിപ്പോയിലും ഭക്ഷ്യധാന്യങ്ങൾ നശിക്കുകയാണ്.

കൊച്ചി: റേഷൻ കടകളിൽ എത്തിയ കേടായ അരി വിതരണം ചെയ്യരുതെന്ന് ഉടമകൾക്ക് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശം. പുഴുവും ചെള്ളും നിറഞ്ഞ അരി എത്തിയിട്ടുണ്ടെങ്കിൽ അത് ഉടൻ മാറ്റി നൽകുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. പ്രളയബാധിതർക്ക് ഉൾപ്പെടെ കോഴിക്കോട് ജില്ലയിൽ വിതരണം ചെയ്യുന്നത് പുഴുവരിച്ച അരിയാണെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ചില ഇടങ്ങളിൽ വിതരണത്തിനെത്തിയ അരിയിൽ ചെള്ളും എലി കാഷ്ടവുമാണ് ഉണ്ടായിരുന്നത്. പൊതുവിതരണ വകുപ്പിന്‍റെ ജില്ലയിലെ പ്രധാന ഡിപ്പോയിലും ഭക്ഷ്യധാന്യങ്ങൾ നശിക്കുകയാണ്.

ഉപയോഗശൂന്യമായ അരി റേഷൻ കടകളിൽ എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരെ ഭയന്ന് മിക്ക കട ഉടമകളും ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മയെക്കുറിച്ച് പറയാൻ തയ്യാറല്ല. ഒടുവിൽ കോഴിക്കോട് താലൂക്കിലെ ഒരു റേഷൻ കടയിലെത്തി. അതേസമയം, ഒരു കട ഉടമയും പരാതി പറഞ്ഞിട്ടില്ലെന്നാണ് ജില്ലാ സപ്ലൈ ഓഫീസർ പറയുന്നത്. റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളയിലെ ഡിപ്പോയിലും ഭക്ഷ്യസാധനങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.

click me!