
തിരുവനന്തപുരം: ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്രെ പിടിയിലായത്. രാത്രി കാലങ്ങളിൽ ഹൈവേയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നാണ് പ്രതി പണം തട്ടിയിരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കാർഷികോൽപ്പന്നങ്ങൾ വിൽക്കാനെത്തുന്ന ലോറികളിൽ നിന്നാണ് ഇയാൾ സ്ഥിരമായി മോഷണം നടത്തിയിരുന്നത്.
ഹൈവേയിൽ വാഹനം ഒതുക്കിയിട്ട് ഡ്രൈവർമാർ ഉറങ്ങുമ്പോൾ പിക്കപ്പ് വാനിൽ പിന്തുടർന്നെത്തിയാണ് മോഷണം. പരാതികൾ തുടർച്ചയായി വന്നതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം തമിഴ്നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ ഇയാൾ കവർന്നിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരാൾ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തിൽ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനിൽ കയറിപ്പോകുന്നതും വ്യക്തമായിരുന്നു.
ഇത് ബിനുവാണെന്ന് സ്ഥിരീകരിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് ചെയ്ത് ചാലക്കുടിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇയാൾക്കെതിരെ മോഷണത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരിമരുന്ന് കടത്ത് കേസിലും ഇയാൾ പ്രതിയാണ്. ഇയാളുടെ സംഘത്തിലുള്ളവർക്കായുള്ള തെരച്ചലിലാണ് പൊലീസ് ഇപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam