
ദുബായ്: അമ്മയുടെ മരണവാർത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു. ദുബായിയിലെ ഉം അൽ ഖ്വയ്നിൽ 20 വർഷമായി തുന്നൽക്കടയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനിൽ കുമാർ ഗോപിനാഥനാണു അമ്മയുടെ മരണവാർത്തയറിഞ്ഞ് കുഴഞ്ഞുവീണു മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അനിൽ കുമാറിന്റെ അമ്മ കൗസല്യ മരിക്കുന്നത്. അന്നുതന്നെ ദുബായിയിലുള്ള അനിലിന്റെ സഹോദരൻ സന്തോഷ് ഇതു സംബന്ധിച്ച് വിവരമറിയിച്ചു. സന്തോഷ് അന്നുതന്നെ കൊല്ലത്തെ വീട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച നാട്ടിലേക്കു പുറപ്പെടാനിരിക്കെ, അന്നു രാവിലെ അനിൽ കുമാറിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി. ഉടൻ തന്നെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനിൽ കുമാറിന്റെ കുടുംബത്തെ ഇയാളുടെ മരണവാർത്ത അറിയിച്ചിട്ടില്ല. അനിൽ കുമാർ നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ഭാര്യ മോളിയും മകൾ ആതിരയും. ശനിയാഴ്ച രാത്രി അനിൽ കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഞായറാഴ്ച രാവിലെ മൃതദേഹം പാരിപ്പള്ളിയിലെ വീട്ടിലെത്തിക്കുമെന്ന് ഖലീജ് ലൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ മരണത്തിൽ തങ്ങളെ ആശ്വസിപ്പിക്കാൻ അനിൽ കുമാർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോളിക്കും ആതിരയ്ക്കും മുന്നിലേക്ക്, അദ്ദേഹത്തിന്റെ ചേതനയറ്റ മൃതദേഹം മാത്രമാണ് എത്തുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam