പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ നരേന്ദ്ര മോദിയും ഇമ്മാനുവൽ മക്രോണും ആശങ്ക പ്രകടിപ്പിച്ചു. ടെലിഫോൺ ചർച്ചയിൽ, സമാധാനം പുനഃസ്ഥാപിക്കാൻ സംയുക്തമായി പ്രവർത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു
അമേരിക്ക - ഇസ്രയേൽ - ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാനത്തിനായും സംയുക്തമായി നീങ്ങാൻ തീരുമാനിച്ച് ഇന്ത്യയും ഫ്രാൻസും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് സമാധാന സന്ദേശവുമായി സംയുക്തമായി നീങ്ങാൻ തീരുമാനിച്ചത്. മോദി തന്നെയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും മടങ്ങേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു. പശ്ചിമേഷ്യയിൽ എത്രയും വേഗം സ്ഥിരത ഉറപ്പാക്കുന്നതിനായി ഇന്ത്യയും ഫ്രാൻസും വരും ദിവസങ്ങളിൽ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി എക്സിലൂടെ വ്യക്തമാക്കി.
'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്'
നേരത്തെ പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി ഓർമ്മിപ്പിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും, ആഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എൻ രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വമടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇതിലൂടെ ചൂണ്ടിക്കാട്ടിയതെന്നാണ് വിലയിരുത്തലുകൾ.
ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ്‍ ജയശങ്കര്‍
അതിനിടെ ഇറാൻ വിദേശകാര്യ മന്ത്രിയുമായി വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കര്‍ ഫോണിൽ സംസാരിച്ചു. സംഘര്‍ഷം തുടരുന്നത് പശ്ചിമേഷ്യയിലെ ഇന്ത്യൻ സമൂഹമടക്കം കടുത്ത ആശങ്കയിൽ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി ഇന്ന് ഉച്ചയ്ക്കുശേഷമാണ് എസ് ജയശങ്കര്‍ ഫോണിൽ സംസാരിച്ചത്. ജയശങ്കര്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. എന്താണ് ഇരുവരും സംസാരിച്ചതെന്ന് എസ് ജയശങ്കര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. അമേരിക്കൻ - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എസ് ജയശങ്കര്‍ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന വിവരവും പുറത്തുവരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ച് ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


