
ഗള്‍ഫില്‍ വെച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകകള്‍, മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് സമര്‍പ്പിക്കണമെന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമായി. നിബന്ധന നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങളേറെയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
പുതിയ ഉത്തരവ് നടപ്പിലാക്കിയാല്‍ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും ആവശ്യമായി വരും. മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ അത് ആറു ദിവസമാകും. ഹൃദയാഘാതവും, അസുഖങ്ങള്‍ മൂലമുള്ള സാധാരണ മരണങ്ങള്‍ മാറ്റിവച്ചാല്‍ വാഹനാപകടവും ആത്മഹത്യയും ഏറെ നടക്കുന്ന സ്ഥലമാണ് ഗള്‍ഫ് മേഖല. പല കേസുകളിലും ചിന്നിചിതറിയ നിലയിലായിരിക്കും മൃതദേഹങ്ങള്‍. എംബാമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കണം. 48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കാനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃദേഹം സൂക്ഷിക്കേണ്ടിവരുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ സംജാതമാവുകയും വിമാനത്തില്‍ കയറ്റാന്‍ കഴിയാതെയും വരും.
നിലവില്‍ യു.എ.ഇയില്‍ മാത്രം പ്രതിദിനം ശരാശരി ഒന്‍പത് ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ ഉത്തരവ് പ്രാബല്യത്തിലാവുകയാണെങ്കില്‍ ഇത്രയും മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള പരിമിതിയും എംബാമിംഗ് യൂണിറ്റിലുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളെയും ബുദ്ധിമുട്ടിലാക്കികൊണ്ട് കരിപ്പൂരിലെ ഹെല്‍ത്ത് ഇന്‍പെക്ടര്‍, കാര്‍ഗോ കമ്പനികള്‍ക്കയച്ച നിബന്ധന പിന്‍വലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നാണ് പ്രവാസ ലോകത്തിന്റെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam