എൻഎസ്ജി അംഗത്വം; ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ

By Web DeskFirst Published Jun 26, 2016, 7:01 PM IST
Highlights

ദില്ലി: ആണവ വിതരണ സംഘത്തിൽ അംഗമാകുന്നതിനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ വീണ്ടും സജീവമാകുന്നു.ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ എൻഎസ്ജി പ്രവേശനം ചർച്ച ചെയ്യാൻ ഈ വ‌‌‌ർഷം അവസാനത്തോടെ പ്രത്യേക യോഗം ചേരും. ആണവ വിതരണ സംഘത്തിൽ ഇന്ത്യക്ക് പ്രവേശനം നൽകുന്നതിൽ തീരുമാനമാകാതെ ദക്ഷിണ കൊറിയയിലെ സോളിൽ ചേർന്ന എൻഎസ്ജി പ്ലീനറി യോഗം പിരിഞ്ഞിരുന്നു.

ചൈന, സ്വിറ്റ്സർലന്‍ഡ്, ബ്രസീൽ ഉൾപ്പെ‍ടെയുള്ള പത്ത് രാജ്യങ്ങളാണ് ഇന്ത്യയെ സംഘത്തിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തത്.ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത ഇന്ത്യയെ എൻഎസ്ജിയിൽ ഉൾപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ചൈന വാദിച്ചത്.ഈ സാഹചര്യത്തിൽ ഈ വ‌ർഷം അവസാനം ചേരുന്ന എൻഎസ്ജിയുടെ പ്രത്യേക യോഗം ആണവ നി‍ർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ പ്രവേശനം ചർച്ച ചെയ്യും.

എൻപിടി ചട്ടം മറികടന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അംഗത്വം നൽകുന്ന കാര്യത്തിൽ യോഗത്തിൽ വിശദമായ ചർച്ച നടക്കും.പ്രത്യേക യോഗം വിളിക്കണമെന്ന മെക്സിക്കോയുടെ നിർദ്ദേശത്തേയും ചൈന എതിർത്തതായാണ് സൂചന. യോഗത്തിന് മുന്പ്  എതി‍ർപ്പുകൾ മറികടക്കുന്നതിന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ഇന്ത്യക്ക് കൂടുതൽ ചർച്ച നടത്തേണ്ടി വരും. ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾക്കായി അർജന്റീനൻ അംബാസഡർ റാഫേൽ ഗ്രോസിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് എൻഎസ്ജി രൂപം നൽകിയിട്ടുണ്ട്.

click me!