
ദക്ഷിണ കൊറിയയിലെ സോളിൽ രണ്ട് ദിവസമായി തുടരുന്ന ആണവ വിതരണ സംഘത്തിന്‍റെ പ്ലീനറി സമ്മേളനത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് രാവിലെ ചര്‍ച്ച നടന്നതായാണ് സൂചന. രാത്രി വീണ്ടും ചേരുന്ന യോഗത്തിൽ അംഗത്വത്തിനായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നൽകിയ അപേക്ഷ പരിഗണിച്ചേക്കും. ആണവ നിര്‍വ്യാപന കരാറിൽ ഒപ്പുവെച്ച 48 രാഷ്ട്രങ്ങളാണ് നിലവിൽ ആണവ വിതരണ സംഘത്തിൽ ഉള്ളത്.
ഇതിൽ 20 ഓളം രാജ്യങ്ങളുടെ പരസ്യപിന്തുണ ഇന്ത്യക്ക് നേടാനായിട്ടുണ്ട്. അതേസമയം ചൈന ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു. ചൈനയുടെ എതിര്‍പ്പ് മറികടക്കാനായാൽ ഇപ്പോൾ എതിര്‍ പക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഷാംഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉസ്ബകിസ്ഥാൻ തലസ്ഥാനമായ താഷ്കന്‍റിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തി.
ചൈനയുടെ പിന്തുണ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യക്ക് അനുകൂലമായി ചൈന നിൽക്കാൻ ഇടയില്ല. ഇന്ത്യക്ക് അംഗത്വം നൽകുകയാണെങ്കിൽ പാക്കിസ്ഥാനെയും അംഗമാക്കണമെന്ന് ചൈന ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ തുടരുന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനിടെ വരുന്ന 27ന് നടക്കാനിരുന്ന ഇരുരാജ്യങ്ങളും തമ്മിള്ള സാമ്പത്തിക സഹകരണ ചര്‍ച്ചകൾ മാറ്റിവെക്കുകയും ചെയ്തു.
എല്ലാ അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാനായാൽ മാത്രമെ ഇന്ത്യക്ക് ആണവ സംഘത്തിൽ അംഗമാകാൻ സാധിക്കൂ എന്നതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കങ്ങൾ ലക്ഷ്യം കാണുക അത്ര എളുപ്പമാകില്ല. ഇപ്പോൾ താഷ്കന്‍റിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ രണ്ടുദിവസമായി നടക്കുന്ന ഷാംഹായ് കോര്‍പ്പറേഷൻ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam