രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് എൻഎസ്എസ്; മുഖ്യമന്ത്രിക്ക് ധാർഷ്ട്യം; ആവശ്യമെങ്കിൽ സമദൂരം മാറ്റും

Published : Dec 17, 2018, 03:52 PM ISTUpdated : Dec 17, 2018, 05:58 PM IST
രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് എൻഎസ്എസ്; മുഖ്യമന്ത്രിക്ക് ധാർഷ്ട്യം; ആവശ്യമെങ്കിൽ സമദൂരം മാറ്റും

Synopsis

വർഷങ്ങൾക്ക് ശേഷമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഒരു വാർത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവിധിയിൽ സുപ്രീംകോടതി ഉറച്ചുനിന്നാൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നാണ് സുകുമാരൻ നായരുടെ നിലപാട്.

തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെ പൂർണമായും തള്ളിപ്പറഞ്ഞ് എൻഎസ്എസ് സംസ്ഥാനനേതൃത്വം. വിശ്വാസം തകർക്കാനാണ് സംസ്ഥാനസർക്കാരിന്‍റെ ശ്രമമെന്ന് വിമർശിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിശ്വാസം സംരക്ഷിയ്ക്കാൻ കൂടെ നിന്നവരെ പിന്തുണക്കുമെന്നും വ്യക്തമാക്കി. വർഷങ്ങൾക്ക് ശേഷമാണ് ഒരു രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി വാർത്താസമ്മേളനം നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാർഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സർക്കാരിൽ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങൾ സംരക്ഷിക്കണം. അതിനായി എൻഎസ്എസ് വേണ്ടതെല്ലാം ചെയ്യും. - സുകുമാരൻ നായർ പറഞ്ഞു. 

സുപ്രീംകോടതി സ്ത്രീപ്രവേശനവിധിയിൽ ഉറച്ചു നിന്നാൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നാണ് സുകുമാരൻ നായർ പറയുന്നത്. വിശ്വാസം സംരക്ഷിയ്ക്കാൻ കൂടെ നിന്നവരെ പിന്തുണയ്ക്കും. ഇപ്പോഴും സമദൂരസിദ്ധാന്തം തന്നെയാണ് പിന്തുടരുന്നത്. എന്നാൽ അത് തുടരണമെന്നില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്ക് നിലപാട് മാറ്റണമെങ്കിൽ അത് അപ്പോൾ തീരുമാനിയ്ക്കാം - സുകുമാരൻ നായർ രാഷ്ട്രീയനിലപാട് വ്യക്തമാക്കുന്നു.

ജനുവരി ഒന്നാം തീയതി സംസ്ഥാനസർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. വനിതാമതിൽ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികൾക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാം. അയ്യപ്പന്‍റെ പേരിലുള്ള പരിപാടികളിലെല്ലാം വിശ്വാസികൾക്ക് പങ്കെടുക്കാം. 

നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ?

അടുത്ത ലോക്സഭാ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ഒരു തുറന്ന രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുന്നത്. തൊട്ടുമുമ്പ് നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പോലും സമദൂരം തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച സുകുമാരൻ നായർ ഇപ്പോൾ നിലപാട് മാറ്റുമെന്ന സൂചന നൽകുന്നു. വിശ്വാസം സംരക്ഷിയ്ക്കാൻ കൂടെ നിന്നവ‍രെ പിന്തുണക്കുമെന്നാണ് സുകുമാരൻ നായർ വ്യക്തമാക്കുന്നത്. ശബരിമല വിവാദമുയർന്നപ്പോൾത്തന്നെ കൃത്യമായ നിലപാട് പറയണമെന്ന് എൻഎസ്എസിനോട് ബിജെപി ആവശ്യപ്പെട്ടതാണ്. അതിന്‍റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ കൃത്യമായ നിലപാട് എൻഎസ്എസ് പറയുന്നതെന്നാണ് സൂചന.

പ്രതിപക്ഷത്തിന്‍റെ ചട്ടുകമാകാനില്ലെന്നും, പക്ഷേ വിശ്വാസികൾക്ക് സംഘപരിവാർ അനുകൂല സംഘടന നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാമെന്ന് സുകുമാരൻ നായർ പറയുമ്പോൾ യുഡിഎഫിനൊപ്പമല്ല, സംഘപരിവാറിനൊപ്പമാണെന്ന് സംശയലേശമന്യേ വ്യക്തമാകുന്നു. 

സംസ്ഥാനസർക്കാരിനെ പൂർണമായും തള്ളിക്കളയുകയാണ് സുകുമാരൻ നായർ. ആചാരങ്ങൾ തകർക്കാനാണ് പിണറായിയുടെ ശ്രമമെന്നാണ് ആരോപണം. ഈ സർക്കാരിൽ നിന്ന് എൻഎസ്എസ് ഒന്നും നേടിയിട്ടില്ലെന്നാണ് സുകുമാരൻ നായർ പറയുന്നത്. ഏതായാലും ആലോചിച്ചുറപ്പിച്ചാണ് സുകുമാരൻ നായരുടെ പുതിയ നിലപാടെന്നത് വ്യക്തം. ഇനി ഭാവിയിൽ എൻഎസ്എസ് എടുക്കുന്ന രാഷ്ട്രീയനിലപാടുകളും ഏറ്റവുമധികം ഉറ്റുനോക്കപ്പെടുന്നതാകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്