വേശ്യയെന്ന് വിളിച്ച പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീ പൊലീസിനെ സമീപിച്ചു

By Web TeamFirst Published Sep 25, 2018, 5:59 PM IST
Highlights

പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. 

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി. തന്നെ അധിക്ഷേപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. പിസി ജോര്‍ജിനെതിരെ പൊലീസില്‍ കന്യാസ്ത്രീ പരാതി നല്‍കുകയായിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. 

ഇരയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എയുടെ നടപടി ലജ്ജിപ്പിക്കുന്നവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. പരാമര്‍ശം ഞെട്ടിപ്പിക്കുന്നുവെന്ന് സിപിഎം പിബി അംഗം സുബാഷിണി അലിയും പ്രതികരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളടക്കം പി.സി ജോര്‍ജിനെതിരായ പ്രതിഷേധം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കി. പ്രമുഖരടക്കം സമൂഹ മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്. 

"പി സി ജോര്‍ജിനെ പോലുള്ള നിയമസഭാ സാമാജികര്‍ അപമാനകരമാണെന്നും, കർശനമായ നടപടി എടുക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം ഇത്തരം പ്രസ്താവനകൾ ഇറക്കുന്ന നിയമസഭാ സാമാജികരെ ഒാർത്ത്  ലജ്ജ തോന്നുന്നു. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തെഴുതുമെന്നും" രേഖാ ശര്‍മ വ്യക്തമാക്കി. 

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

click me!