സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

By Web DeskFirst Published Feb 16, 2018, 8:04 AM IST
Highlights

ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന  വ്യാപകമായി സൂചനാ പണിമുടക്ക് നടത്തിയ നഴ്‌സുമാര്‍, ഇന്നലെ ചേര്‍ത്തലയില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതിനിടെ കെവിഎമ്മിലെ നഴ്‌സുമാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെതന്നെ കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെയുള്ള നേഴ്‌സുമാര്‍ പണിമുടക്കി ചേര്‍ത്തലിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഉച്ചവരെ ദേശീയപാതയുടെ അരികിലും സമരപ്പന്തലിലും തടിച്ചുകൂടിയ നേഴ്‌സുമാര്‍ പിന്നീട് ദേശീയ പാത പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് കൊണ്ട് കൂറ്റന്‍ പ്രകടനം നടത്തി.ജില്ലാ കള്കടറെത്താതെ ഉപരോധ സമരം അവസാനിപ്പിക്കില്ലെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു. നേഴ്‌സുമാരുടെ സമരം അടിയന്തരമായി തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കള്കടര്‍ ടിവി അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ചേര്‍ത്തല തഹസില്‍ദാര്‍ സമരക്കാരെ നേരിട്ട് കാണിച്ചു. ഇതേ തുടര്‍ന്ന് യോഗം ചേര്‍ന്ന നേഴ്‌സുമാര്‍ ഉപരോധ സമരം അവസാനിപ്പിക്കാനും സംസ്ഥാന വ്യാപകമായി തുടര്‍സമരത്തിന് നോട്ടീസ് നല്‍കാനും തീരുമാനമെടുക്കുകയായിരുന്നു.

അതേ സമയം ആറ് മാസമായി സമരം ചെയ്യുന്ന നേഴ്‌സുമാര്‍ സമരം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ആശുപത്രി മാനേജ്‌മെന്റ് ഉറച്ചു നില്‍ക്കുകയാണ്. സമരം ചെയ്യുന്നവരെ തിരിച്ചെടുക്കില്ലെന്ന തീരുമാനം കൂടി ആശുപത്രി എടുത്തതോടെ നേഴ്‌സുമാര്‍ സമരം കൂടുതല്‍ ശക്തമാക്കി. യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാലിന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയും ചെയ്തതോടെ നേഴ്‌സുമാരുടെ ശക്തമായ സമരപ്രക്ഷോഭത്തിന് കേരളം സാക്ഷിയാക്കുമെന്നുറപ്പായിട്ടുണ്ട്.
 

click me!