നഴ്സിങ് കോളേജുകളുടെ അംഗീകാരം: ആശങ്ക വേണ്ടെന്ന് കർണാടക സര്‍ക്കാര്‍

By Web DeskFirst Published Jul 6, 2017, 6:44 PM IST
Highlights

ബംഗലൂരു: കർണാടകത്തിലെ നഴ്സിങ്ങ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം തിരികെക്കിട്ടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. കോളേജുകളിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി എസ് പി പാട്ടീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നഴ്സിങ് വിദ്യാർത്ഥികളുടെ ആശങ്ക തീർക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്‍റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും മാത്രം അംഗീകാരം മതിയെന്ന സർക്കാർ ഉത്തരവിനെത്തുടന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ എല്ലാ കോളേജുകളുടെയും അംഗീകാരം എടുത്തുകളഞ്ഞത്. ഈ അധ്യയന വർഷം പ്രവേശനം നടത്താൻ യോഗ്യതയുളള കോളേജുകളുടെ പട്ടികയിൽ കർണാടകത്തിൽ നിന്ന് ഒരു സ്ഥാപനത്തെപ്പോലും ഐഎൻസി ഉൾപ്പെടുത്തിയിരുന്നില്ല.

ഇതോടെ വിദ്യാർത്ഥികൾക്കും മാനേജ്മെന്‍ുകൾക്കുമുണ്ടായ ആശങ്ക പരിഹരിക്കാനാണ് ഇപ്പോൾ കർണാടക സർക്കാരിന്‍റെ നീക്കം. .വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടിയിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കർണാടക ഹൈക്കോടതി വിധിയനുസരിച്ച് കർണാടക നഴ്സിങ് കൗൺസിൽ അംഗീകാരമുളള കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് എവിടെയും ജോലി ചെയ്യാമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ നഴ്സിങ് കൗൺസിലുമായി ചർച്ച ചെയ്ത് കോളേജുകളുടെ അംഗീകാരത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ശ്രമം.തങ്ങൾ പാസാക്കിയ ഉത്തരവിനാണ് സാധുതയെന്ന വാദത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന് സർക്കാർ കത്തയച്ചിരിക്കുന്നത്.

അധികാരം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനോട് ഐഎൻസിയുടെ മറുപടി അനുകൂലമാവാനിടയില്ല.ഇക്കാരണത്താലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഇടപെടലിനും കർണാടകം ശ്രമിക്കുന്നത്.ഐഎൻസി അംഗീകാരം ഇല്ലാതായാൽ വിദ്യാഭ്യാസ വായ്പയടക്കം മുടങ്ങുമെന്ന ആശങ്കയിലാണ് ഇപ്പോഴും മലയാളികളടക്കമുളള ആയിരക്കണക്കിന് വിദ്യാർത്ഥികൾ.
 

click me!