തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ അയ്യപ്പൻ, ശ്രീരാമൻ തുടങ്ങിയവരുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതി. നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ പരാതി നൽകി.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നതാണ് പരാതി. സംസ്ഥാനത്ത് സത്യപ്രതിജ്ഞ നടന്ന ഇന്നലെ ദൈവങ്ങളുടെ പേരിലും പല ഭാഷയിലുമടക്കം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിരുന്നു. അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു തുടങ്ങിയവരുടെ നാമത്തിലും ഭരണഘടനയുടെ പേരിലും ഭാരതാംബയുടെ പേരിലും ചില അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാരായണ ഗുരുവിന്‍റെയും പൊയ്കയിൽ കുമാരഗുരുവിന്‍റെയും നാമങ്ങളും ഉയർന്നു. വിഎസ് , ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളുടെയും രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരിലും പ്രതിജ്ഞയെടുത്തവരുണ്ട്. പ്രതിഷേധം ഉയർന്നതോടെ, പലയിടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച പ്രകാരമുള്ള വാചകം ഏറ്റുപറയിപ്പിച്ച് ഇവരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.
ചട്ടലംഘനങ്ങൾ
എന്നാൽ തടസമുന്നയിക്കാത്തയിടങ്ങളിൽ ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു. സത്യപ്രതിജ്ഞയുടെ വാർത്തകൾ പ്രചരിച്ചതോടെയാണ് പരാതിയും എത്തിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്നതാണ് സുഭാഷ് തീക്കാടന്‍റെ പരാതി. പല തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി ലഭിച്ചിട്ടുണ്ട്. ദൈവനാമത്തിൽ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞ എന്നീ വാക്കുകളാണ് സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കേണ്ടത്. അയ്യപ്പനും ശ്രീരാമനുമെല്ലാം ഹിന്ദുദൈവങ്ങളുടെ പേരാണെങ്കിലും ദൈവനാമത്തിൽ എന്നല്ലാതെ ഓരോ ദൈവങ്ങളുടെയും പേര് പറയാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ നിയമം പാലിക്കണമെന്നാണ് പരാതിയുടെ ഉള്ളടക്കം. നിയമവിരുദ്ധമായാണ് സത്യപ്രതിജ്ഞയെന്ന് കണ്ടെത്തിയാൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും.


