വന സംരക്ഷണത്തിന്‍റെ കേരള മാതൃക പഠിക്കാന്‍ ഒഡീഷ സംഘമെത്തി

By Web DeskFirst Published Jun 26, 2018, 9:38 PM IST
Highlights
  • വനസംരക്ഷണത്തിന്‍റെ കേരള മാതൃക പഠന വിധേയമാക്കാന്‍ ഒഡീഷ

ഇടുക്കി: വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോറസ്റ്റ് സ്റ്റേഷന്‍ മാതൃകയില്ലാത്ത സംസ്ഥാനമാണ് ഒഡീഷ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ എല്ലാം ഫോറസ്റ്റ് സര്‍വ്വീസിന്‍റെ രീതി ഇതിന് സമാനമാണ്. അതിനാല്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുതിയ മാതൃക പഠനവിധേയമാക്കാനാണ് ഒഡീഷ ഉന്നത വനപാലക സംഘം കേരളത്തിലേക്ക് പര്യടനത്തിനായി എത്തിയത്. ഒഡീഷയില്‍ നിന്ന് എത്തിയ സംഘത്തിന് കേരളത്തില്‍ എല്ലാം പുതിയ അനുഭവമായിരുന്നു. 

പര്യടനത്തിന്‍റെ ആദ്യപടിയായി  മൂന്നാര്‍, മറയൂര്‍  വനമേഖലകളില്‍ സംഘം സന്ദര്‍ശിച്ചു. നീല വസന്തത്തിനൊരുങ്ങുന്ന ഇരവികുളം ദേശീയ ഉദ്യാനത്തില്‍ എത്തിയ ഒഡീഷന്‍ വനപാലകര്‍ ഉദ്യാനത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ചും നീല കുറിഞ്ഞി സീസണിന്‍റെ മുന്നൊരുക്കുങ്ങളെ കുറിച്ചും പഠനം നടത്തി. തുടര്‍ന്ന് ഇന്ത്യയിലെ തന്നെ മികച്ച ചന്ദന റിസര്‍വായ മറയൂര്‍ ചന്ദന കാടുകളിലും, കേരളത്തിലെ മഴ നിഴല്‍ കാടായ ചിന്നാര്‍ വനത്തിലും സംഘം സന്ദര്‍ശനം നടത്തി. ഒഡീഷ ഭുവനേശ്വറിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രശാന്ത് ഐ എഫ് എസിന്‍റെ നേതൃത്വത്തില്‍ 50 പേരടങ്ങുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സമ്പ്രദായം ഇല്ലാതെയാണ് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. സ്റ്റേഷന്‍ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള വ്യത്യാസം വനകുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും കേസ് എടുക്കുന്നതിനും മിക്കപ്പോഴും തടസ്സമാകാറുണ്ട് . ഇതിനാല്‍ ഉത്തരേന്ത്യന്‍ വനമേഖലയില്‍ വനകുറ്റകൃത്യങ്ങള്‍ കൂടി വരുന്നത് കണക്കിലെടുത്താണ് കേരളത്തിലെ ഫോറസ്റ്റ് സ്റ്റേഷന്‍ സമ്പ്രദായം പഠന വിധേയമാക്കുന്നത്. ഒഡീഷ സംഘം മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍, റേഞ്ച് ഓഫീസ്, ഡിവിഷണല്‍ ഓഫീസ്, ചന്ദന സംരക്ഷണം കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിനായുള്ള സ്നിഫര്‍ ഡോഗ്, ട്രാക്കര്‍ ഡോഗ് എന്നിവയെ ഉള്‍പ്പെടുത്തിയുള്ള ഡോഗ് സ്‌ക്വോഡിന്‍റെ ഓഫീസ് എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തി.

കേരളത്തിലെ പങ്കാളിത്ത വനപരിപാലനവും ഒഡീഷ നിന്നെത്തിയ സംഘം പഠനവിധേയമാക്കി വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരെയും ആദിവാസി സമൂഹത്തെയും ഉള്‍പ്പെടുത്തി നടത്തി കേരള വനംവകുപ്പ് 1998 കാലത്ത് ആരംഭിച്ച നടത്തി വരുന്ന   പങ്കാളിത്ത വന സംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘം മനസ്സിലാക്കി. പൊലീസ് സ്റ്റേഷനുകളുടെ മാതൃകയില്‍ തന്നെ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്കായി സ്റ്റേഷന്‍ അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നതും വനകുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കുന്ന രീതികളും ഒഡീഷാ വനപാലകര്‍ക്ക് തീര്‍ത്തും പുതിയ അനുഭവമായിരുന്നു. 

click me!