ട്രാന്‍സ്‍ഫോര്‍മറുകളില്‍ നിന്ന് ഓയില്‍ മോഷ്ടിക്കുന്ന സംഘം കെ.എസ്.ഇ.ബിക്ക് പാരയാകുന്നു

By Web DeskFirst Published Aug 21, 2017, 7:42 PM IST
Highlights

കാസര്‍ഗോഡ്: വൈദ്യുതി ട്രാന്‍സ്‍ഫോര്‍മറുകളില്‍ നിന്നും ഓയില്‍ മോഷ്‌ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 620 ലിറ്റ‌ര്‍ ഓയിലാണ് കെ.എസ്.ഇ.ബിക്ക് നഷ്‌ടപ്പെട്ടത്. പൊലീസിനാവട്ടെ മോഷ്‌ടാക്കളെ പിടികൂടാനും കഴിയുന്നില്ല.

വൈദ്യുതി പ്രവഹിക്കുന്ന സമയത്താണ് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നും ഓയില്‍ ഊറ്റുന്നത്. ഇത് കൊണ്ട് തന്നെ വൈദ്യുതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. 100 കെ.വി ട്രാന്‍സ്ഫോര്‍മറുകളില്‍ 152 ലിറ്ററും 160 കെവി യില്‍ 310 ലിറ്റര്‍ ഓയിലുമാണ് ഉണ്ടാകുക. ഇത്തരത്തില്‍ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നായി 620 ലിറ്റ‌ര്‍ ഓയിലാണ് ഒരാഴ്ചക്കിടെ മോഷ്‌ടാക്കള്‍ ഊറ്റിയത്. ട്രാന്‍സ്ഫോര്‍മറിന്റെ വാള്‍വ് തുറന്നാണ് മോഷണം.

ട്രാന്‍സ്ഫോര്‍മറിനെ തണഉപ്പിക്കാനും ഇന്‍സുലേഷന്‍ പ്രവര്‍ത്തനത്തിനുമായാണ് ഓയില്‍ ഉപയോഗിക്കുന്നത്. ഓയില്‍ നഷ്‌ടപ്പെടുന്നതോടെ ട്രാന്‍സ്ഫോര്‍മര്‍ കത്തി നശിക്കാറാണ് പതിവ്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അപകടങ്ങളും ഉണ്ടാകാറുണ്ട്. സ്വകാര്യ കമ്പനികളുടേയും വ്യക്തികളുടേയും വ്യവസായികാവശ്യത്തിനുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ഓയിലെത്തിച്ച് കൊടുക്കുന്ന സംഘമാകാം ഇതിനു പിന്നിലെന്നാണ് കരുതുന്നത്. ഓയില്‍ ഊറ്റല്‍ പതിവായതോടെ സംഭവത്തെക്കുറിച്ച് കാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കെ.എസ്.ഇ.ബി അധികൃതര്‍.

click me!