
കാസര്‍കോട്: അമ്മയെ തേടി മകനും മകനെ തേടി അമ്മയും നാടുനീളെ അലഞ്ഞു. ഒടുവില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ നിന്നും തിരുവനന്തപുരം പൂന്തുറ മണല്‍പ്പുറം ലെയ്‌നിലെ എ.അമലോത്ഭവയേ തേടി ആ വിളിയെത്തി.
അങ്ങനെ 38 വയസുള്ള മനോനിലതെറ്റിയ മകനെ ആ അമ്മ നീലേശ്വരത്ത് വെച്ച് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് അമലോത്ഭവ തിരുവന്തപുരത്തുനിന്നും കാസര്‍കോട്ടെത്തിയത്. ഓഖി ദുരന്തത്തില്‍പ്പെട്ട് മാനസികനില തെറ്റി വീടുവിട്ട മത്സ്യതൊഴിലാളിയായ തിരുവനന്തപുരം പൂന്തുറ മണല്‍പ്പുറം ലെയ്‌നിലെ അമലോത്ഭവയുടെ മകന്‍ എസ്.സൈമണിനെ (38)യാണ് നീലേശ്വരത്ത് കണ്ടെത്തിയത്.
ഓഖി ദുരന്ത സമയത്ത് ചെറുവള്ളത്തില്‍ തനിച്ച് മീന്‍പിടിക്കാന്‍ പോയ സൈമണ്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ട് തീരമണയാനാകാതെ കടലില്‍ കുടുങ്ങുകയായിരുന്നു. നാവികസേന ഇദ്ദേഹത്തെ കടലില്‍ നിന്ന് രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമനുഭവപ്പെട്ട സൈമണ്‍ വീടുവിടുകയും കറങ്ങിത്തിരിഞ്ഞ് നീലേശ്വരത്തെത്തുകയുമായിരുന്നു.
ഇതേസമയം പ്രായാധിക്യത്തിലും കാണാതായ മകനെ കണ്ടെത്താനായി മാതാവ് അമലോത്ഭവ നാടുനീളേ ഓടി നടക്കുകയായിരുന്നു. പോലീസിന്റെ സഹായവും ഇവര്‍ തേടിയിരുന്നു. ഇതിനിടയിലാണ് സൈമണ്‍ കാസര്‍കോട് ഉള്ളതായി അമലോഭവലിന് പോലീസില്‍ നിന്ന് വിവരം ലഭിച്ചത്. നീലേശ്വരത്ത് മനസികവിഭ്രാന്തിയില്‍ നടക്കുന്ന സൈമണെ കണ്ടെത്തിയ നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വിവരമറിയിച്ചതനുസരിച്ച് അമ്മ എ.അമലോത്ഭവ, നീലേശ്വരത്തെത്തി മകനെയും കൂട്ടി തിരുവനന്തപുരത്തേക്ക് തിരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam