ഇന്ത്യ പാകിസ്താൻ നയതന്ത്ര തർക്കം രൂക്ഷം; ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു

By Web DeskFirst Published Mar 15, 2018, 11:07 PM IST
Highlights
  • ഇന്ത്യ-പാക്കിസ്ഥാൻ തര്‍ക്കം രൂക്ഷമാകുന്നു
  • ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താൻ തിരിച്ചുവിളിച്ചു
  • നയന്ത്രണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപണം
  • ഇന്ത്യൻ ഉദ്യോഗസ്ഥരാണ് ഭീഷണിനേരിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി. ഇന്ത്യൻ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച്  ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു. ഹൈക്കമ്മീഷൻ ഉദ്യോഗസ് ഥരെ ഇന്ത്യ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണം. പാക്കിസ്ഥാനിൽ ഇന്ത്യൻ  ഉദ്യോഗസ്ഥരാണ് ഭീഷണി നേരിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യൻ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് 18 പരാതികൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നൽകിയിരുന്നു എന്നാണ് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ അവകാശപ്പെടുന്നത്. ഈ പരാതികളിൽ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ സൊഹാലി മെഹമൂദിനെ പാക്കിസ്ഥാൻ ഇസ്ളാമാബാദിലേക്ക് തിരിച്ചുവിളിച്ചത്.

ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും സഞ്ചരിക്കുന്ന വാഹനങ്ങൾ തടഞ്ഞുനിര്‍ത്തുകയും അനാവശ്യപരിശോധനകൾ നടത്തുകയും ചെയ്ത് നയന്ത്രണ ധാരണകൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. എന്നാൽ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചതായി അറിയില്ലെന്ന് പ്രതികരിച്ച കേന്ദ്ര വിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനിൽ ഇന്ത്യ ഉദ്യോഗസ്ഥരാണ് ഭീഷണികൾ നേരിടുന്നതെന്ന് ആരോപിച്ചു. വിയന്ന കണ്‍വെഷൻ പ്രകാരമുള്ള ധാരണങ്ങൾ പാലിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിലെ നയതന്ത്രണ ഉദ്യോഗസ്ഥര്‍ക്ക് നേരെ സൈന്യം നടത്തുന്ന പരിശോധനകൾക്കെതിരെ ഇന്ത്യ നേരത്തെ പരാതി നൽകിയിരുന്നു. ആ പരാതികളെ പ്രതിരോധിക്കാനുള്ള പാക്കിസ്ഥാന്‍റെ നാടകമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. തര്‍ക്കം തുടരുകയാണെങ്കിൽ പാക്കിസ്ഥാനിലെ ഹൈക്കമ്മീഷണറെ ഇന്ത്യയും തിരിച്ചുവിളിച്ചേക്കും. ഇന്ത്യ-പാക് തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യ ചൈന അതിര്‍ത്തിയിലും പ്രകോപനം തുടരുകയാണ്. ടിബറ്റൻ അതിര്‍ത്തിയിൽ ചൈനയുടെ യുദ്ധവിമാനങ്ങളും പ്രതിരോധ ഹെലികോപ്റ്ററുകളും ഇറങ്ങിയാതുള്ള റിപ്പോര്‍ട്ടുകൾ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസികൾ നൽകി. ചൈനയുടെ നീക്കം കേന്ദ്രം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

 

 

click me!