Latest Videos

കര്‍ണാടകയില്‍ ഒല , ഉബര്‍ മാതൃകയില്‍ നമ്മ ടൈഗര്‍;പിന്നില്‍ ജനതാദള്‍ എസ്

By Web deskFirst Published Nov 30, 2017, 11:23 AM IST
Highlights

ബംഗളുരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍, ഇന്ദിര കാന്റീന്‍ തുടങ്ങിയ കോണ്‍ഗ്രസിനെ വെല്ലാന്‍ അപ്പാജി കാന്റീനുമായി ഇറങ്ങിയ ജനതാദള്‍ എസ് ഇനി പയറ്റുന്നത് ടാക്‌സി രാഷ്ട്രീം. നാട്ടിന്‍പുറങ്ങളില്‍നിന്ന്  മാത്രം വോട്ടുവരുന്ന രീതി മാറ്റാന്‍ ബെംഗളൂരുവിലാണ് പുതിയ പരീക്ഷണം. നമ്മ ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ടാക്‌സി സേവനമാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദള്‍ ഇറക്കുന്നത്. 

ആപ്ലിക്കേഷന്‍ വികസന കമ്പനിയായ ടൈഗറുമായി കൈകോര്‍ത്താണ് ജനതാദള്‍ എസിന്റെ പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്. കിലോ മീറ്ററിന് പന്ത്രണ്ടര രൂപ മുതല്‍ പതിനെട്ട് രൂപ വരെയാണ് നിരക്ക്. നിലവിലുളള ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്കുളള പരിമിതികള്‍  നമ്മ ടൈഗറിനില്ലെന്നാണ് അവകാശവാദം. തിരക്കിനും വാഹനങ്ങള്‍ക്കും അനുസരിച്ച് നിരക്ക് മാറ്റുന്ന രീതിയില്ല.

മറ്റ് കമ്പനികളെ അപേക്ഷിച്ച് ഡ്രൈവര്‍മാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് നമ്മ ടൈഗര്‍ സിഇഒ ആദിത്യ പൊദ്ദാര്‍ പറഞ്ഞു. ജീവനക്കാര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നമ്മ ടൈഗറില്‍ ഇതിനോടകം പതിനായിരം ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ജനതാദളിന് സ്വാധീനമുളള മാണ്ഡ്യ, ഹാസന്‍, കോലാര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുളളവരാണിവര്‍. വന്‍കിട ടാക്‌സി കമ്പനികളുമായി തെറ്റി ജോലി പോയവര്‍ക്ക് തൊഴിലുറപ്പ് നല്‍കാനും ചൂഷണം തടയാനുമുളള പദ്ധതിയാണെന്ന് ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

എന്നാല്‍ ഇത് വോട്ട് വീഴാന്‍ മാത്രമുള്ള സേവനമാണെന്നാണ് ചിലര്‍ പറയുന്നത്. അപ്പാജി കാന്റീന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരുണ്ട്. അക്കൂട്ടര്‍ നമ്മ ടൈഗര്‍ എവിടംവരെ ഓടുമെന്നും ചോദിക്കുന്നു.
 

click me!