ടാക്സി ഡ്രൈവറുടെ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

By Web TeamFirst Published Feb 5, 2019, 11:44 PM IST
Highlights

ഗുഡ്ഗാവില്‍ നിന്ന് രാത്രി ഒരു മണിക്കാണ് ഫര്‍ഹാതും സീമയും കാർ വിളിച്ചത്. വീട്ടിലെത്തിയ ശേഷം ഗോവിന്ദിനെ ചായ കുടിക്കാന്‍ ക്ഷണിച്ചു. മയക്കുമരുന്ന് കലര്‍ത്തിയാണ് ചായ നല്‍കിയത്. ബോധം നഷ്ടപ്പെട്ട ഗോവിന്ദിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദില്ലി: ദില്ലിയില്‍ ഓല ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ യുവതി ഉള്‍പ്പെടെ രണ്ട് പേരെ  ദില്ലി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഫര്‍ഹാത് അലി, കൂട്ടുകാരി സീമാ ശര്‍മ എന്നിവരെയാണ് കോടതി ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 
ടാക്സി ഡ്രൈവറായ ഭര്‍ത്താവ് ഗോവിന്ദിനെ കാണാനില്ലെന്ന് കാണിച്ച് ദില്ലി സ്വദേശി കഴിഞ്ഞ മാസം 29 ന്  പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

മദൻഗീറില്‍ നിന്ന് കപഷേരയിലേക്കാണ് ഗോവിന്ദ് അവസാനം ഓട്ടം പോയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗോവിന്ദിന്‍റെ മൊബൈൽ ഫോണും കണ്ടെടുത്തു. സിസിടിവി പരിശോധനയില്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ വനിതയടക്കം രണ്ട് പേര്‍ കാറിൽ സഞ്ചരിച്ചതായി വ്യക്തമായി. 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗാസിയാബാദിൽ നിന്ന് ഇരുവരെയും പിടികൂടിയത്. 

ഗുഡ്ഗാവില്‍ നിന്ന് രാത്രി ഒരു മണിക്കാണ് ഫര്‍ഹാതും സീമയും കാർ വിളിച്ചത്. വീട്ടിലെത്തിയ ശേഷം ഗോവിന്ദിനെ ചായ കുടിക്കാന്‍ ക്ഷണിച്ചു. മയക്കുമരുന്ന് കലര്‍ത്തിയാണ് ചായ നല്‍കിയത്. ബോധം നഷ്ടപ്പെട്ട ഗോവിന്ദിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷം ഇവര്‍ കാര്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ അമ്പലത്തിന് സമീപം പാര്‍ക്ക് ചെയ്തു.
 
തിരിച്ച് വീട്ടിലെത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി. പിന്നീട് ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഓടയില്‍തളളുകയായിരുന്നു. പൊലീസ് പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. തട്ടിയെടുത്ത കാറും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 
 

click me!