പ്രളയദുരിതാശ്വാസത്തിന്‍റെ പ്രാഥമിക സഹായം പോലും കിട്ടാതെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒരു വൃദ്ധൻ

By Web TeamFirst Published Feb 17, 2019, 10:35 AM IST
Highlights

10,000 രൂപയുടെ പ്രാഥമികസഹായം പോലും കിട്ടാതെ ഇടിഞ്ഞ് വീഴാറായ വീട്ടിൽ ഒറ്റക്ക് കഴിയുന്ന തിരുവാതുക്കൽ സ്വദേശി രാജന്‍റെ ജീവിതം.

കോട്ടയം: കോട്ടയം നഗരത്തിൽ പ്രളയത്തിൽ വീട് തകർന്ന വൃദ്ധൻ കഴിഞ്ഞ അഞ്ച് മാസമായി സഹായം ലഭിക്കാൻ ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ്. 10,000 രൂപയുടെ പ്രാഥമികസഹായം പോലും കിട്ടാത്ത തിരുവാതുക്കൽ സ്വദേശി രാജൻ, ഇടിഞ്ഞ് വീഴാറായ വീട്ടിൽ ഒറ്റക്ക് കഴിയുകയാണ്.

രണ്ട് പ്രാവശ്യമുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് തകർന്ന പുലിയാക്കൽ രാജൻ പ്രളയത്തിനുള്ള സഹായം കിട്ടാൻ മുട്ടാത്ത വാതിലുകളില്ല. ആദ്യപ്രാവശ്യം വെള്ളപ്പൊക്കമുണ്ടായപ്പോൾ ഭാര്യയുമായി പാമ്പാടിയിലെ ബന്ധുവീട്ടിലേക്ക് മാറി. പിന്നീട് പ്രളയത്തിന് ശേഷമാണ് വന്നത്. വൃക്കരോഗിയായ ഭാര്യ രാജമ്മ ഇതിനിടെ മരിച്ചു.

ഭാര്യയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റ് സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. മൂന്ന് മക്കൾ കുടുംബമായി വേറെയാണ് താമസം. ഭാര്യയുടെ മരണവുണ്ടാക്കിയ ആഘാതവും സ്ഥലം സ്വന്തം പേരിലാക്കാനുള്ള താമസവും മൂലം ആനുകൂല്യത്തിനുള്ള അപേക്ഷ വൈകി.

അപേക്ഷ വൈകിയതിനാൽ 10,000 രൂപ കിട്ടാൻ ഇനി കളക്ടറേറ്റിൽ തീരുമാനമെടുക്കേണ്ടതെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. അറ്റകുറ്റപ്പണിക്കായി പണം അനുവദിക്കുന്നതിന് മുൻസിപ്പാലിറ്റി നൽകിയ ലിസ്റ്റിൽ രാജന്‍റെ വീട് ഇല്ല. അതിനാൽ ഈ ആനുകൂല്യം നൽകാൻ കഴിയില്ലെന്ന് വില്ലേജ് ഓഫീസർ വിശദീകരിച്ചു.

സർക്കാരാണ് അറ്റകുറ്റപ്പണി നടത്താനുള്ള വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയതെന്ന് പറഞ്ഞ് കോട്ടയം മുൻസിപ്പാലിറ്റിയും കയ്യൊഴിഞ്ഞു. ഇനി എങ്ങോട്ട് പോകണമെന്ന് രാജന് അറിയില്ല. തീ‍ർത്തും ന്യായമായ കാരണത്താൽ അപേക്ഷ വൈകിയ രാജന്‍റെ ആനുകൂല്യങ്ങൾ മാനുഷികപരിഗണന വച്ച് നൽകാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകുമോ?
 

click me!