
കൊല്ലം: കടയ്ക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പുതുക്കോട് സ്വദേശി 68 കാരിയായ സീതാമണിയുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കൊലപാകതമാണോ എന്ന സംശയത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കല്‍ മാര്‍ക്കറ്റിന് സമീപമുള്ള വീട്ടിലാണ് സീതാമണി താമസിച്ചിരുന്നത്. മക്കളെല്ലാം ജോലിയുടെ ഭാഗമായും മറ്റും വേറെ സ്ഥലങ്ങളിലാണ്. കഴിഞ്ഞമൂന്ന് ദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ മക്കള്‍ തിരക്കി എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കടയ്ക്കല്‍ പൊലീസില്‍ വിവരമറിയിച്ചു. കൊട്ടാരക്കര റൂറല്‍ എസ് പിയുടെ നേതൃത്തത്തില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുഖത്ത് തലയിണ അമര്‍ത്തിവച്ചിരുന്ന തരത്തിലായിരുന്നു മൃതദേഹം. വീടിനുള്ളില്‍ ഡെറ്റോള്‍ ഒഴിച്ചിരുന്നതായും കണ്ടെത്തി. വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും വ്യക്തമായി.
സീതാമണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ബുധനാഴ്ച സമീപത്തെ ഒരു യോഗത്തില്‍ പങ്കെടുത്തതിന് ശേഷം നാട്ടുകാര്‍ ആരും ഇവരെ കണ്ടിരുന്നില്ല. മക്കളുടെ ആരുടെയെങ്കിലും വീട്ടില്‍ പോയിട്ടുണ്ടാകുമെന്നാണ് കരുതിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ മരണവുമായ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam