
പാലക്കാട്: പാലക്കാട് നെന്മാറയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. വയറ്റിൽ രണ്ടു കത്തികൾ കുത്തിയ നിലയിൽ മുറിവുമായി 82 കാരിയായ മാരിയമ്മയെ ശനിയാഴ്ച വൈകിട്ടാണ് വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടത്. ബൈപാസ് റോഡിൽ പരേതനായ മാണിക്കൻ ചെട്ടിയാരുടെ ഭാര്യ മാരിയമ്മയെ(82) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ടത്.
വയറ്റിൽ രണ്ടു കത്തികൾ കുത്തി, ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കുത്താൻ ഉപയോഗിച്ച കത്തികൾ വീട്ടിൽ ഉപയോഗിച്ചു വന്നവയാണെന്നു മനസിലാക്കാൻ ആയിട്ടുണ്ട്. അമ്മയെ വീട്ടിൽ തനിച്ചാക്കി മകൻ ബാലസുബ്രഹ്മണ്യനും കുടുംബവും ബന്ധുവീട്ടിൽ പോയ നേരത്താണ് മരണം സംഭവിച്ചത്. മൂന്നുമണിക്കൂർ കഴിഞ്ഞ് പേരമകൻ വിഗ്നേഷ് കളിസ്ഥലത്തു നിന്നും മടങ്ങി വന്നപ്പോൾ മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റിനടുത്ത് ഉടുത്ത വസ്ത്രം കിടക്കുന്നതും പിന്നീട് മൃതദേഹവും കണ്ടത്.
ദുരൂഹ മരണത്തിന് കേസെടുത്ത പൊലീസ് പാലക്കാട് നിന്നും ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും എത്തിച്ചു ശാസ്ത്രീയ പരിശോധന നടത്തി. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും വിശദമായി പഠിച്ച ശേഷം മരണം കൊലപാതകം ആണോ എന്ന് ഉറപ്പിക്കാൻ ആകൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam