എല്ലാവരുടെയും പിന്തുണ സ്വീകരിക്കും. ബിജെപിയുടെയും കോൺഗ്രസിന്റെയും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നാണ് സി സി മുകുന്ദന്റെ പ്രതികരണം.
തൃശ്ശൂർ: സിപിഐയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ. പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമില്ല, ഭയവുമില്ലെന്നാണ് മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. മത്സരിക്കുന്നത് തന്റെ പ്രതിഷേധം അറിയിക്കാനാണെന്നും മുകുന്ദൻ പറഞ്ഞു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരുംദിവസങ്ങളിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലും ജനങ്ങളോട് തുറന്നുപറയും. എല്ലാവരുടെയും പിന്തുണ സ്വീകരിക്കും. ബിജെപിയുടെയും കോൺഗ്രസിന്റെയും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നാണ് സി സി മുകുന്ദന്റെ പ്രതികരണം.
പാർട്ടി തീരുമാനം ലംഘിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. 22ആം വയസ്സിൽ പാർട്ടി അംഗത്വം നൽകിയത് മുതൽ പാർട്ടി മുകുന്ദനും കുടുംബത്തിനും നൽകിയതൊക്കെ വിശദീകരിച്ചു കൊണ്ടായിരുന്നു പുറത്താക്കൽ വാർത്താക്കുറിപ്പ്.
നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയ സി.സി. മുകുന്ദൻ എംഎൽഎ ഒടുവിൽ സിപിഐ പുറത്താക്കി. ഉച്ചതിരിഞ്ഞ് ജില്ലാ എക്സിക്യൂട്ടീവും പിന്നാലെ ചേർന്ന ജില്ലാ കൗൺസിലും മുകുന്ദനെ പുറത്താക്കണമെന്ന തീരുമാനമെടുത്തത് ഏകകണ്ഠേന ആയിയിരുന്നു . പിന്നാലെ മുകുന്ദന്റെ ഘടകമായ നാട്ടിക മണ്ഡലം കമ്മിറ്റി ചേർന്ന് ഔദ്യോഗികമായി വാർത്താക്കുറപ്പിറക്കി. മുകുന്ദന്റേത് കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം എന്നായിരുന്നു വിലയിരുത്തൽ.
22 വയസ്സ് മുതൽ ഇക്കാലമത്രയും മുകുന്ദന് നൽകിയതൊക്കെയും പാർട്ടി പുറത്താക്കൽ കുറിപ്പിൽ അക്കമിട്ട് പറഞ്ഞു. അന്തിക്കാട്ട് ചെത്തു തൊഴിലാളി സഹകരണ സംഘത്തിൽ ജോലി. രണ്ടുതവണ അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗം . ഒരുതവണ വൈസ് പ്രസിഡന്റ് . തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് അവസരം. ഭാര്യക്ക് രണ്ടുതവണ അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗമാകാൻ അവസരം നൽകി. ഒരുതവണ വൈസ് പ്രസിഡന്റും ആക്കി . കഴിഞ്ഞതവണ മുകുന്ദനെ എംഎൽഎയും ആക്കി. വീഴ്ചയിൽ പരിക്കുപറ്റി കിടന്ന സമയത്ത് അദ്ദേഹത്തിന്റെ വീട് ജപ്തിയാണെന്ന് അറിഞ്ഞ് പാർട്ടി സഹായം വാഗ്ദാനം ചെയ്തു.
ജില്ലാ സെക്രട്ടറിയും എംഎൽഎയും സംയുക്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന് പാർട്ടി നിർദ്ദേശം മുകുന്ദൻ അംഗീകരിച്ചില്ല. പാർട്ടി തീരുമാനം മുകുന്ദനാണ് വേണ്ടെന്നുവച്ചത്. ഗീതാഗോപിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി അച്ചടക്കം പൂർണമായും ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് മുകുന്ദനെ പുറത്താക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ നേതാക്കൾ ഉന്നയിക്കുന്ന വിമർശനം കാത്തിരിക്കുകയാണ് മുകുന്ദൻ. തന്നെ ദ്രോഹിച്ചവരെ ഓരോരുത്തരെയും അക്കമിട്ട് ജനങ്ങൾക്ക് മുന്നിൽ നിരത്തുമെന്നും മുകുന്ദന്റെ വെല്ലുവിളി. നാട്ടിക മണ്ഡലത്തിൽ ബിജെപി ഉൾപ്പെടെ ആരുടെയും സഹായം തേടുമെന്നും മുകുന്ദൻ പറഞ്ഞു. മുകുന്ദന് കൈ കൊടുക്കാൻ നിൽക്കുന്ന യുഡിഎഫ് അതുകൊണ്ടുതന്നെ കരുതലോടെയേ തീരുമാനമെടുത്തേക്കു.

