ഒ.എല്‍.എക്സിലൂടെ വ്യാജപരസ്യം നല്‍കി വാഹന തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

By Web DeskFirst Published Dec 5, 2017, 6:36 AM IST
Highlights

പാലക്കാട്: ഒ.എല്‍.എക്സ് വെബ്സൈറ്റിലൂടെ വാഹനങ്ങൾ വില്പനക്കെന്ന് വ്യാജ പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ദർവേഷ്, ഫർസാദലി, ബിജോയ് എന്നിവരെയാണ് പാലക്കാട് നോർത്ത് പോലീസ് പിടികൂടിയത്.  ഒഎൽഎക്സ് എന്ന ജനപ്രിയ ആപ്ലിക്കേഷനെയും വേദിയാക്കിയായിരുന്നു മൂവരുടെയും ഇടപാടുകൾ. 

പുതുപുത്തൻ വാഹനം, ആരെയും മോഹിപ്പിക്കുന്ന വിലയ്ക്ക് നല്ഡകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.  ഉടമകൾ റോഡരികിൽ നിർത്തിപ്പോകുന്ന വാഹനത്തിന്‍റെയും, യൂസ്ഡ് കാർ ഷോറുമുകളിലെ വാഹനങ്ങളുടെയുമൊക്കെ ഫോട്ടോകളാണ് സ്വന്തം വാഹനമെന്ന പേരിൽ ഇവർ ഒഎൽഎക്സിൽ പോസ്റ്റ് ചെയ്തിരുന്നത്. ആവശ്യക്കാർ ഫോട്ടോ കണ്ട് വാഹനം ഇഷ്ടപ്പെട്ട് അഡ്വാൻസ് നൽകിയാൽ പിന്നെ ഇവരുടെ അഡ്രസ്സുണ്ടാകില്ല. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് സംഘം പിടിയിലായത്. 

പാലക്കാട് ഇരട്ടയാൽ കൃഷ്ണപിള്ള നഗർ പുത്തൻപുരക്കൽ വീട്ടിൽ ദർവേഷ് എന്ന ഷേയ്ക് ദർവേഷ്, മലമ്പുഴ കടുക്കാം കുന്നം ആരതി നിവാസിൽ ഫർസാദലി, മലമ്പുഴ വാരണി പുഴക്കൽ വീട്ടിൽ ബിജോയ് ,എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞ 7 മാസക്കാലമായി തുടരുന്ന തട്ടിപ്പിലൂടെ സംഘം വലിയൊരു തുക ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ  കൊണ്ടോട്ടി, തുറക്കൽ  സൗപർണ്ണികയിൽ സംഗീതിന്റെ പരാതിയിൻമേലാണ്  നോർത്ത് പോലീസ് കേസ്സെടുത്തത്. പോലീസ് ഉപഭോക്താവാണെന്ന വ്യാജേന ദർവേഷുമായി ബന്ധപ്പെടുകയും പണം കൈമാറാൻ ഒലവക്കോട്ടിലേക്ക് വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു. 

പ്രതികൾ സഞ്ചരിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സമാന രീതിയിൽ പാലക്കാട് നോർത്ത് പോലീസിൽ പത്തോളം കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറു കണക്കിനു പേർ ഈ സംഘത്തിന്റെ വലയിലായതാണ് പ്രാഥമിക നിഗമനം. ദർവേഷിനും, ഫർസാദലിക്കുമെതിരെ നേരത്തെ ടൗൺ നോർത്ത് പേലിസ് സ്റ്റേഷനിൽ കഞ്ചാവ് , കൊലപാതകശ്രമം എന്നീ കേസ്സുകൾ ഉണ്ട്. തട്ടിയെടുത്ത പണമുപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നടത്തി വരുന്നത്. പ്രതികളെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

click me!