ഒരിക്കല്‍ ദേശത്തെ രാജാക്കന്മാര്‍;  ഇന്ന് ഏകാന്ത ജീവിതം

By Sudheesh PattathilFirst Published Jan 8, 2018, 11:50 PM IST
Highlights

കാസര്‍കോട്:   രാജാവിന്റെ മക്കള്‍.  കേള്‍ക്കാനും പറയാനും സുഖമുള്ള വാക്കുകള്‍.  എന്നാലിതാ ഒരുനാട് മുഴുവന്‍ വാണ രാജപരമ്പരയില്‍പ്പെട്ട ഒരു രാജാവിന്റെ രണ്ടുമക്കള്‍ ജീവിതത്തിന്റെ അവസാനനാളുകളില്‍ ദുരിത പൂര്‍ണ്ണമായ ജീവിതവുമായി രാജകൊട്ടാരത്തില്‍.

നീലേശ്വരം രാജവംശത്തിലെ മൂത്ത കൂര്‍ രാജാവായിരുന്ന പരേതനായ വി.സി.രാമവര്‍മ്മ വലിയ രാജയുടെ മൂത്തമകന്‍ പി.ആര്‍.രവീന്ദ്രനാഥും (80) അനുജന്‍ പി.ആര്‍.ഹരിദാസും (72) ആണ് ഹത ഭാഗ്യവാന്മാര്‍. അള്ളട സ്വരൂപം എന്ന നീലേശ്വരം ദേശം അടക്കിവാണ രാജപരമ്പരയിലെ ഇപ്പോഴത്തെ തമ്പുരാക്കന്മാരാണ് രവീന്ദ്രനാഥും ഹരിദാസും. അച്ഛന്‍ തമ്പുരാന്‍ രാമവര്‍മ്മ വലിയരാജ സമൂഹത്തിന്റെ നാനാതുറകളില്‍ കഴിവ് തെളിയിച്ചവരെ പട്ടും വളയും നല്‍കി ആദരിച്ചിരുന്ന പടിഞ്ഞാറ്റം കൊഴുവലിലെ രാജകൊട്ടാരത്തിലാണ് ഇരുവരുടെയും താമസം. 

രാമവര്‍മ്മ രാജയുടെ പേരിലുള്ള 40 സെന്റ് കൊട്ടാര വളപ്പിലെ കാടുകയറിയ കൊട്ടാരത്തില്‍ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രണ്ടുപേരും കഴിയുന്നത്. കാലപ്പഴക്കം കൊണ്ട് ഇടിയുന്ന ഓടിട്ട കൊട്ടാരം. മുറ്റം നിറയെ കാട്. രണ്ടാം നിലയിലെ താമസമുറിയിലേക്ക് പഴയ മര കോവണി. തെന്നി വീഴാതിരിക്കാന്‍ കോവണിക്ക് ചറ്റും കെട്ടിയ കയര്‍. തുരുമ്പിച്ച ഗ്യാസ് അടുപ്പില്‍ കുക്കറില്‍ പാകം ചെയ്യുന്ന കഞ്ഞിയും പയറും. ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍. എന്നിങ്ങനെ പോകും ഈ തമ്പുരാക്കന്മാരുടെ ജീവിത സാഹചര്യങ്ങള്‍. രണ്ടു പേരും അവിവാഹിതരാണ്. അതുകൊണ്ടുതന്നെ തികച്ചും ഒറ്റപ്പെട്ട ജീവിതം. പരസ്പരം സഹായിച്ചാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്.

നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി.കഴിഞ്ഞ രവീന്ദ്രനാഥ് 1957-ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍ മീഡിയറ്റ് പാസായി. തുടര്‍ന്ന് സിണ്ടികേറ്റ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. അത്യാവശ്യത്തിന് ലീവ് ചോദിച്ച രവീന്ദ്രനാഥിന് ബാങ്ക് ലീവ് നല്‍കിയില്ല. അങ്ങനെ 1964 -ല്‍ ബാങ്ക് ജോലി രാജിവച്ചു. പിന്നീട് തളിക്ഷേത്രത്തിനടുത്തെ രാജാസ് ഹോസ്റ്റലില്‍ രവീന്ദ്രനാഥ് സ്വാന്തമായി ജോബ്  ടൈപറൈറ്റിങ് സെന്റര്‍ ആരംഭിച്ചു. നീണ്ട 39 വര്‍ഷം ഈ ജോലിയില്‍ തുടര്‍ന്ന രവീന്ദ്രനാഥിനെ അറിയാത്തവര്‍ നീലേശ്വരത്ത് വിരളമായിരിക്കും. രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി ഓഫിസ് വരെയുള്ള സകലമാന പരാതികളും തയാറാക്കാന്‍ വിദഗ്ദ്ധനായിരുന്ന രവീന്ദ്രനാഥിനെ തേടി എത്താത്തവര്‍ കുറവായിരുന്നു. 

ഇതിനിടയില്‍ അച്ഛന്‍ രാമവര്‍മ്മ വലിയ രാജയുടെ മരണവും പ്രായവും രവീന്ദ്രനാഥിനെ തളര്‍ത്തി. 2014 -ല്‍ രാജാസ് ഹോസ്റ്റലിലെ ജോബ് സെന്റര്‍ അവസാനിപ്പിച്ച രവീന്ദ്രനാഥിന്റെ ആകെയുള്ള സമ്പാദ്യം ആ പഴയ ടൈപറൈറ്റിംഗ് മെഷീനാണ്.  അമേരിക്കയില്‍ വരെ പോയി ജോലി ചെയ്തയാളാണ്  ഹരിദാസ്. ബിരുദമുള്ള ഇദ്ദേഹം അമേരിക്കയില്‍ നിന്ന് തിരിച്ചുവന്ന് മുഴുവന്‍ സമയവും അച്ഛന്‍ രാമവര്‍മ്മ വലിയ രാജാവിനോടൊപ്പമായിരുന്നു. അച്ഛന്റെ മരണത്തോടെ ഹരിദാസും തളര്‍ന്നു.

മറ്റാരുമില്ലാത്ത കൊട്ടാരത്തില്‍ രണ്ടു പേര്‍ക്കും കൂട്ട് ഇപ്പോള്‍ കുറേ പുസ്തകങ്ങളാണ്. വായിച്ചു വായിച്ചു ഇവര്‍ ജീവിതാഭിലാഷങ്ങള്‍ നിറവേറ്റുകയാണ്. ഇടയ്ക്ക് ലഭിക്കുന്ന വാര്‍ദ്ധക്യ പെന്‍ഷന്‍ പട്ടിണി മാറ്റുമ്പോള്‍ വാര്‍ദ്ധക്യകാല രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും മറ്റുമായി തമ്പുരാക്കന്മാര്‍ക്ക് നല്ലൊരു തുക വേറെ വേണം.

click me!