
ചെന്നെെ: പാസ്റ്റർ ചമഞ്ഞ് കോടികളുടെ വിസാത്തട്ടിപ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലെ ക്രൂയിസ് കപ്പലിൽ ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ തൃശ്ശൂർ സ്വദേശി ഉണ്ണികൃഷ്ണൻ നായരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലെ കാർണിവൽ ക്രൂയിസ് കപ്പിലിലേക്ക് ജോലിക്ക് ആളെ വേണമെന്നും പ്രതിമാസം 3.5 ലക്ഷം ശമ്പളം കിട്ടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ചെങ്ങന്നൂർ, തിരുവല്ല, കവിയൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. ഉണ്ണികൃഷ്ണൻ നായർ പാസ്റ്റർ ഉണ്ണി ജെയിംസ് എന്നാണ് ഇടപാടുകാരോട് പരിചയപ്പെടുത്തിയിരുന്നത്. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വിസയ്ക്ക് ചിലവ് വരുമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത്. പണം നൽകി ഒരു വർഷമായിട്ടും വിസ കിട്ടാതെ വന്നതോടെ തട്ടിപ്പിന് ഇരയായവർ ഓസ്ട്രേലിയൻ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടു.
തുടർന്ന് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിന്‍റ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി മുങ്ങി. അടുത്തിടെ പോളണ്ടിലേക്ക് വിസ ഉണ്ടെന്ന പരസ്യം ഇയാൾ നൽകിയിരുന്നു. ഇത് പിന്തുടര്‍ന്നാണ് പൊലീസ് ചെന്നൈയിൽ ഇന്ന് ഇയാളെ പിടികൂടിയത്. ഇയാള്‍ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയിൽ നിന്ന് മാധ്യമ സ്ഥാപനത്തിന്‍റെ വ്യാജ തിരിച്ചറിയൽ കാർഡും പിടികൂടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam