പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു

By Web DeskFirst Published Jul 18, 2016, 10:54 AM IST
Highlights

കൊല്ലം > കരുനാഗപ്പള്ളി അഴീക്കലില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതുമായി ബന്ധപെട്ട് സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വന്‍പൊലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. പ്രായിക്കാട് സ്വദേശി പ്രജിൽ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.  പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയതതിനെ തുടർന്ന് ഇരു സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. മരിച്ച പ്രജലിന്റെ കൂട്ടുകാരന്റെ സഹോദരിയെ പ്രായിക്കാട് സ്വദേശി അർജുൻ നിരന്തരമായി ശല്യം ചെയതിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനായി പ്രജിലും കൂട്ടുകാരടങ്ങിയസംഘം അർജുന്റെ അടുത്ത് പോകുകയായിരുന്നു. അർജുനും കൂട്ടുകാരും  ആയുധവുമായി സംഘടിച്ചാണ് നിന്നിരുന്നത്. ഇതിനിടയിലുണ്ടായ വാക്കുതർക്കം അടിപടിയിലെത്തി. ഇതിന് ഇടയിൽ വടിവാളുകൊണ്ടുള്ള വെട്ടേറ്റാണ് പ്രജിൽ മരണപ്പെട്ടത്. മരിച്ച പ്രജിലിന്റെ സഹോദരൻ പ്രവീണിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവീൺ സുജിത്ത് അർജുൻ എന്നിവരടക്കം പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജിലിന്റെ സുഹൃത്തുക്കള്‍ക്കാണ് പരിക്കേറ്റത്.. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

 

click me!