ഡിവൈഎസ്‍പിയുടെ ആത്മഹത്യ; കര്‍ണാടക മന്ത്രി രാജി വച്ചു

By Web DeskFirst Published Jul 18, 2016, 8:37 AM IST
Highlights

ബംഗളുരു: പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബംഗളുരു വികസന വകുപ്പ് മന്ത്രി കെ ജെ ജോർജ്ജ് രാജിവച്ചു. മംഗളുരു ഡിവൈഎസ്പി എം കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജോർജ്ജിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാന്‍ മടിക്കേരി കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ജോർജ്ജ് മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചത്. ജോർജ്ജിന്റെ രാജി അടുത്ത വ‍ർഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയായി.

മുൻ ആഭ്യന്തരമന്ത്രിയും നിലവിലെ ബംഗളുരു വികസന വകുപ്പ് മന്ത്രിയുമാണ് മലയാളിയായ കെ ജെ ജോർജ്ജ്. ജോര്‍ജ്ജും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി എ എം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവരും നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ഒരു മാധ്യമത്തിന് അഭിമുഖം നൽകിയതിന് ശേഷം ജൂലൈ 7നാണ് മംഗളുരു ഡിവൈഎസ്പി എം കെ ഗണപതി ആത്മഹത്യ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തിൽ ജോർ‍ജ്ജിനും പൊലീസ് ഓഫീസർമാർക്കുമെതിരെ കേസെടുക്കണമെന്ന് ഗണപതിയുടെ മകൻ നെഹാൽ സമ‍ർപ്പിച്ച ഹർജിയിൽ മൂന്ന് പേ‍ർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ്  ജോർജ്ജ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത്.

ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് വിധാൻ സഭ നിരവധി തവണ തടസപ്പെട്ടിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ജോർജ്ജ് പുറത്ത് പോകുന്നത് അടുത്ത വ‍ർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടിയായി. കേസിൽ ആരോപണവിധേയരായ എഎം പ്രസാദ്, പ്രണബ് മൊഹന്തി എന്നീ പൊലീസ് ഓഫീസർമാരോട് സർക്കാർ അവധിയിൽ പ്രവേശിക്കാനാവശ്യപ്പെട്ടേക്കും.

 

click me!