നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചിട്ട് ഒരുമാസം

By Web DeskFirst Published Dec 7, 2016, 7:43 PM IST
Highlights

ദില്ലി: നോട്ട് അസാധുവാക്കിയിട്ട് ഇന്ന് ഒരു മാസം പിന്നിടുമ്പോള്‍ കറന്‍സി ക്ഷാമം എടിഎമ്മുകളിലും ബാങ്കുകളിലും രൂക്ഷമാണ്. പഴയനോട്ടുകള്‍ അവശ്യസേവനത്തിന് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15വരെയാണ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനമുള്‍പ്പടെ പല നിര്‍ദ്ദേശങ്ങളും പിന്നീട് പല വട്ടം മാറ്റി.

പണം ഇപ്പോള്‍ ആര്‍ബിഐ വഴി മാത്രമേ മാറാന്‍ കഴിയൂ. അതും 500 രൂപ മാത്രം.  ഒരു മാസം പിന്നിടുമ്പോഴും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാനുള്ള തുക 2000 രൂപ മുതല്‍ 2500 രൂപയായി തുടരുന്നു. രണ്ട് ലക്ഷം എടിഎമ്മുകളില്‍ പകുതിയില്‍ കുടുതല്‍ എടിഎമ്മുകള്‍ പുനക്രമീകരിച്ചുവെങ്കിലും ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഭൂരിഭാഗവും പൂട്ടിയിട്ടിരിക്കുകയാണ്.

1000ത്തിന്റെയും 500 ന്റെയും 14 ലക്ഷത്തി 17,000 കോടി രൂപയുടെ കറന്‍സികളാണ് ആര്‍.ബി.ഐ പുറത്തിറക്കിയിരുന്നത്. ഈ നോട്ടുകള്‍ അസാധുവാക്കിയ ശേഷം നവംബര്‍ 30വരെ 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തി. ബാക്കി നോട്ടുകള്‍ കൂടി തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് ധനകാര്യമന്ത്രാലയം തന്നെ വ്യക്തമാക്കുന്നതോടെ  3ലക്ഷം കോടി രൂപയിലധികം നോട്ടുകള്‍ തിരിച്ചെത്തില്ല എന്ന സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.

കള്ളപ്പണം പിടിക്കാനാണ് നോട്ട് അസാധുവാക്കിയതെന്ന സര്‍ക്കാരിന്റ വാദം പൊളിയുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തി  എന്നാല്‍ നോട്ട്പിന്‍വലിച്ചതിന് ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശഭരണതെരഞ്ഞെടുപ്പിലും ബിജെപി വലിയ നേട്ടം കെയ്തു എന്നത് കേന്ദ്രസര്‍ക്കാരിന്റെ  ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണനിലയിലാകാന്‍ ഡിസംബര്‍ 30 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്.

click me!