അവര്‍ ക്രിസ്ത്യാനികളല്ല, ഇന്ത്യക്കാരാണ്, മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

By Web DeskFirst Published Feb 24, 2018, 5:25 PM IST
Highlights

തിരുവനന്തപുരം:  മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ, കേരളത്തിലെ നഴ്സുമാരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറാഖില ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ തടവില്‍ നിന്നും രക്ഷപ്പെടുത്തിയ നേഴ്സുമാരെയാണ്  തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ഉപയോഗിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ഇവരെ ഇറാഖില്‍ നിന്നും രക്ഷിച്ച് കേരളത്തിലേക്ക് മടക്കി കൊണ്ടുവന്നത്, ഇവരെല്ലാംതന്നെ ക്രിസ്ത്യാനികളായിരുന്നുവെന്നും മോദി പറഞ്ഞു. മേഘാലയിലെ രണ്ടാമത്തെ പൊതു പരിപാടിയിലാണ് മോദിയുടെ പ്രസ്താവന. 

ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നടത്തി. പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിൻറെ പ്രധാന മന്ത്രി എന്ന നിലയിൽ അങ്ങേയറ്റം പ്രധിഷേധകരമായ വാക്കുകളാണ് മോദിയുടേത്. അവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് ആ നഴ്സുമാരാരും ക്രിസ്ത്യാനികളായതു കൊണ്ടായിരുന്നില്ല, മറിച്ചു ഇന്ത്യക്കാർ എന്ന ഒറ്റ വികാരമായിരുന്നു. ആപത്തിൽപ്പെട്ട മനുഷ്യരെ രക്ഷിക്കാനുള്ള വ്യഗ്രതയുമായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. അങ്ങയുടെ സഹപ്രവർത്തകയായ ശ്രീമതി സുഷമ സ്വരാജിനും ഇതിൽ നിന്നും വിഭിന്നമായ ഒരു അഭിപ്രായമുണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ, കേരളത്തിലെ നഴ്സുമാരെ കുറിച്ചുള്ള അങ്ങയുടെ പരാമർശം ഖേദകരമാണ്. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിൻറെ പ്രധാന മന്ത്രി എന്ന നിലയിൽ അങ്ങേയറ്റം പ്രധിഷേധകരമായ വാക്കുകളാണ് അങ്ങയുടേത്. ഇറാഖിൽ ഐസ് ഭീകരർ ബന്ധികളാക്കിയ 46 മലയാളി നഴ്സുമാരെ 2014 ജൂലൈ മാസത്തിലാണ് നാട്ടിലെത്തിക്കുന്നത്. അന്നത്തെ യു ഡി എഫ് നേതൃത്വത്തിലുള്ള സംസഥാന സർക്കാരിന്റെയും, കേന്ദ്ര സർക്കാരിന്റെയും സംയുക്ത ശ്രമഫലമായിട്ടായിരുന്നു അത്. അന്ന് ഗൾഫിലുള്ള മലയാളി സമൂഹവും അതിനു വലിയ പിന്തുണയായിരുന്നു നൽകിയത്. 

ആ 46 നഴ്സുമാരുടെ കണ്ണീരും വിഷമവും തളം കെട്ടിയ കുടുംബങ്ങളുടെ പ്രയാസങ്ങൾക്കും, ആ സംഭവത്തിൽ ആദ്യാവസാനം സാക്ഷിയാകാനും കഴിഞ്ഞിരുന്ന ഒരാളെന്ന നിലയിൽ നിസംശയം പറയാം, അന്ന് അവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് ആ നഴ്സുമാരാരും ക്രിസ്ത്യാനികളായതു കൊണ്ടായിരുന്നില്ല, മറിച്ചു ഇന്ത്യക്കാർ എന്ന ഒറ്റ വികാരമായിരുന്നു. ആപത്തിൽപ്പെട്ട മനുഷ്യരെ രക്ഷിക്കാനുള്ള വ്യഗ്രതയുമായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. അങ്ങയുടെ സഹപ്രവർത്തകയായ ശ്രീമതി സുഷമ സ്വരാജിനും ഇതിൽ നിന്നും വിഭിന്നമായ ഒരു അഭിപ്രായമുണ്ടാകില്ല.

ഇതിനെയാണ് അങ്ങ് മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്ക് വേണ്ടി നിസ്സാരവൽക്കരിച്ചതും, അപമാനിച്ചതും. നമ്മുടെ രാജ്യത്തിൻറെ വൈവിധ്യമാണ് നമ്മുടെ പ്രത്യേകത. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും,സിഖുകാരനും,ബുദ്ധ,ജൈന,പാഴ്സി മത വിശ്വാസികളും വിശ്വാസത്തിനപ്പുറം, ആപത്തിലായാലും, ആഘോഷത്തിലായാലും ഭാരതീയർ എന്ന ഒറ്റ വികാരത്തിൽ ജീവിക്കുന്നവരാണ്.ഈ പരാമർശത്തിന് മുൻപ് നമ്മുടെ ഭരണഘടനയെങ്കിലും അങ്ങേക്ക് ഓർക്കാമായിരുന്നു.

മുൻപ് ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തു ബി ജെ പിയുടെ പ്രധാന പ്രചാരണങ്ങളിലൊന്നായിരുന്നു ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയ മലയാളി മത്സ്യ തൊഴിലാളികളുടെ കുറ്റവാളികളുടെ മോചനവുമായി ബന്ധപ്പെട്ടു നടന്നത്. കോൺഗ്രസ്സ് അധ്യക്ഷയായിരുന്ന ശ്രീമതി സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം പ്രയോജനപ്പെടുത്തി അവർ രക്ഷപെടും എന്നായിരുന്നു താങ്കൾ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾ . എന്നാൽ യു പി എ യുടെ കാലത്തു മുഴുവനും ആ നാവികർ ഇന്ത്യൻ തടവറയിലായിരുന്നു . അങ്ങയുടെ ഭരണകാലത്താണ് ഇളവ് പ്രയോജനപ്പെടുത്തി അവർ ഇറ്റലിയിലേക്ക് മടങ്ങിയത്.

ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്തും അങ്ങയുടെ നിരുത്തരവാദപരമായ വാക്കുകൾ ചർച്ചയായതായിരുന്നു. കോൺഗ്രസ്സ് നേതാക്കൾക്ക് പാകിസ്ഥാൻ ബന്ധമുണ്ട് എന്ന അത്യന്തം ഗൗരവകരമായ ആരോപണമാണ് അങ്ങ് പറഞ്ഞത് . രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിൽ ഭരണാധികാരി എന്ന നിലയിൽ അങ്ങ് നാളിതുവരെ എന്ത് നടപടിയായാണ് സ്വീകരിച്ചത് ? ഇല്ലാത്ത ഒരു കാര്യത്തിൽ എന്ത് നടപടിയാണ് എടുക്കുക അല്ലേ. രാഷ്ട്രീയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. പക്ഷെ അങ്ങ് രാജ്യത്തിന്റെ , എല്ലാവരുടെയും പ്രധാനമന്ത്രിയാണെന്ന കാര്യം മറക്കരുത്.

സ്നേഹത്തോടെ 
ഉമ്മൻ ചാണ്ടി.

click me!