
തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിച്ചോളൂ എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സമഗ്ര പരിശോധന മുന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം എല്‍ഡിഎഫ് പറഞ്ഞതെല്ലാം സി എ ജി ശരിവെച്ചെന്നും ക്രമക്കേട് അന്വേഷിക്കണമെന്നുമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
തുറമുഖ നിര്‍മ്മാണം അതിവേഗം മുന്നോട്ട് പോകുന്നതിനിടെ പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ട് വിഴിഞ്ഞത്തെ വീണ്ടും വന്‍ വിവാദത്തിലാഴ്ത്തി. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നുമുള്ള എതിര്‍പ്പുകളെല്ലാം കാറ്റില്‍പ്പറത്തി അദാനിയുമായി കരാര്‍ ഒപ്പിട്ട ഉമ്മന്‍ചാണ്ടിയും കരാറില്‍ അഴിമതി ആരോപിച്ച് അധികാരത്തിലെത്തി ഇനി മാറ്റാനാകില്ലെന്ന് വിശദീകരിക്കുന്ന പിണറായിയും വെട്ടിലായി.
അദാനിയുമായുള്ള കരാറിനെ നേരത്തെ എതിര്‍ത്ത വി എം സുധീരനും ആവശ്യപ്പെട്ടത് സമഗ്രമായ പരിശോധനയാണ്. ഹൈക്കമാന്‍ഡിന്റെ അനുമതിയില്ലാതെയാണ് ബിജെപി ബന്ധമുള്ള അദാനിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ദീര്‍ഘകാലടിസ്ഥാനത്തില്‍ കരാര്‍ ലാഭമായിരിക്കുമെന്നും സിഎജിക്ക് എല്ലാ വിവരങ്ങളും സര്‍ക്കാര്‍ നല്‍കിക്കാണില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയാല്‍ ആര്‍ബിട്രേഷന്‍ ഇനത്തില്‍ വന്‍തുക സര്‍ക്കാര്‍ അദാനിക്ക് നല്‍കേണ്ടിവരും. അതേ സമയം കരാര്‍ മാറ്റവും അന്വേഷണവും വേണമെന്ന നിലപാടാണ് വിഎസ്സിനുള്ളത്. ഉമ്മന്‍ചാണ്ടിക്കൊപ്പം ഒന്നാം വാര്‍ഷികഭാഗമായി ബെര്‍ത്ത് പൈലിംഗ് ഉദ്ഘാടനം പ്രഖ്യാപിച്ച് വിഴിഞ്ഞം നിര്‍മ്മാണ പുരോഗതി നേട്ടമായി ഉയര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാറും സമ്മര്‍ദ്ദത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam