ബാര്‍ കോഴക്കേസ്: എൽഡിഎഫ് മാപ്പു പറയണമെന്ന് ഉമ്മൻചാണ്ടി

By Web DeskFirst Published Jan 17, 2018, 6:58 PM IST
Highlights

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഇല്ലാത്ത അഴിമതിയുടെ പേരിലുണ്ടാക്കിയ സമരം നടത്തിയ എൽഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബാര്‍ കോഴക്കേസിൽ കെ.എം മാണിക്കെതിരെ വിജിലന്‍സിന് വ്യക്തമായ തെളിവ് ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം.

യുഡിഎഫ് എടുത്ത നിലപാട്  ശരിയാണെന്നിപ്പോള്‍ വ്യക്തമായിയെന്നും കെ എം മാണി കുറ്റക്കാരനാണെന്നാണ് അന്നെയുള്ള തന്റെ നിലപാടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. മാണി എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും യുഡിഎഫിന്‍റെ ഭാഗമായി മാണി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മാണി പണം വാങ്ങിയെന്ന് തെളിയിക്കാൻ വ്യക്തമായ സാക്ഷി മൊഴി ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേ സമയം, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിജിലന്‍സിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാൻ പാലായിലെ വീട്ടിലെത്തി കെ.എം മാണിക്ക് പണം നല്‍കിയെന്ന ആരോപണം തെളിയിക്കാൻ  ഇതുവരെ വ്യക്തമായ സാക്ഷിമൊഴിയായില്ല. പണം നല്‍കിയതിന് തെളിവായി ബിജു രമേശ് നല്‍കിയ ശബ്ദ രേഖ എഡിറ്റ് ചെയ്തതാണെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തൽ. 

അതായത് മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാൻ സാക്ഷിമൊഴികളോ ശാസ്ത്രീയ തെളിവുകളോ ആയില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.  അതേ സമയം മാണിയെ പ്രൊസിക്യൂട്ട് ചെയ്യാനാവുന്ന തെളിവുകളുണ്ടെന്നാണ്  ആദ്യം അന്വേഷണം നടത്തിയ എസ്.പി സുകേശൻ കണ്ടെത്തിയത്.  പിന്നീട് കെ.എം മാണിയെ കുറ്റവിമുക്തനാക്കി  വിജിലൻസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി.  

കോടതി തുടരന്വേഷണത്തിന് നിര്‍ദേശിച്ചു. പക്ഷേ കോടതി നിര്‍ദേശിച്ച അന്വേഷണ വിഷയങ്ങളിൽ വിജിലൻസിന് തെളിവു ശേഖരിക്കാനാകുന്നില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. കേസ് റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി പരിഗണിക്കവേയാണിത്. അന്തിമ റിപ്പോര്‍ട്ടിന് കൂടുതൽ സമയവും തേടി. ഇതിനിടെ മാണിയെ പിന്തുണച്ച് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്‍ രംഗത്തെത്തി. യു.ഡി.എഫ് ഭരണകാലത്ത് ഇടതു മുന്നണി മുഖ്യആയുധമായിരുന്നു ബാര്‍ കോഴക്കേസ്. മാണിയും ഇടതു മുന്നണിയും തമ്മിൽ അടുക്കുമ്പോഴാണ് ബാര്‍ കോഴക്കേസിൽ വിജിലന്‍സിന് തെളിവ്  കണ്ടെത്താനുകുന്നില്ലന്ന വിവരം പുറത്തു വരുന്നത്. 

click me!