എല്ലാവര്‍ക്കും നീതിയെന്നത് മുഖ്യമന്ത്രി ആദ്യം സ്വന്തം നാട്ടില്‍ നടപ്പാക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി

By Web DeskFirst Published Jun 14, 2016, 9:24 AM IST
Highlights

കണ്ണൂര്‍: എല്ലാവര്‍ക്കും നീതിയെന്ന മുഖ്യമന്ത്രിയുടെ വാക്കിന് വിലയുണ്ടെങ്കില്‍ ആദ്യം അത് സ്വന്തം നാട്ടില്‍ നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ സിപിഐഎം- ബിജെപി അക്രമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പിന് ശേഷം 23 ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കുനേരെ അക്രമം നടന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രധാന പരാതി.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിറകെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു. പയ്യന്നൂരില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ കോളേജ് അധ്യാപകരുടെ കാര്‍‍ കത്തിച്ചു. ഒടുവിലായി തലശ്ശേരി കുട്ടിമാക്കൂലില്‍ പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും  ചോദ്യം ചെയ്തതിന് വീടാക്രമിക്കുകയും ചെയ്തു. എന്നിട്ടും പോലീസ് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ കൂട്ടായാമ കണ്ണൂരില്‍ നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയതു. എല്ലാവര്‍ക്കും നീതിയെന്നത് ആദ്യം മുഖ്യമന്ത്രി സ്വന്തം നാട്ടിലാണ് നടപ്പാക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ട 23 പരാതികള്‍ കണ്ണൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. സിപിഐഎം മാത്രമല്ല ബിജെപി പ്രവര്‍ത്തകര്‍ പ്രതിയായ കേസും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഒന്നിലും കാര്യമായ നടപിടിയുണ്ടായില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. നേരത്തെ ബിജെപിയും കണ്ണൂരില്‍ സിപിഐഎം അക്രമത്തിനെതിരെ പിണറായിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

click me!