ഓറഞ്ച് പാസ്പോര്‍ട്ട്; സാധാരണക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് ഉമ്മന്‍ചാണ്ടി

Published : Jan 16, 2018, 02:46 PM ISTUpdated : Oct 05, 2018, 01:09 AM IST
ഓറഞ്ച് പാസ്പോര്‍ട്ട്; സാധാരണക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് ഉമ്മന്‍ചാണ്ടി

Synopsis

തിരുവനന്തപുരം: പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണെന്ന്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ്. നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാർക്ക് തൊഴിലിന്റെ അടിസ്ഥാനത്തിൽ രണ്ടു നിറത്തിലുള്ള പാസ്സ്പോർട്ടുകൾ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. 

ശുപാർശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്പോർട്ടിലെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കൽപ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.കൊളോണിയൽ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അർത്ഥത്തിൽ സമ്പത്തിന്റെയും മറ്റും പേരിൽ പുനർജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബർ ക്യാംപിൽ ദുരിത ജീവിതം നയിച്ചും അവർ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത്. 

ഈ നീക്കം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ രാജ്യങ്ങളിൽ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചേ മതിയാകൂ. 

സമ്പന്നർക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങൾക്കും തൊഴിലാളികൾക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി